ലോകത്തില്‍ തന്നെ ഈ വര്‍ഷം ഏറ്റവും ശ്രദ്ധയാകര്‍ഷിക്കേണ്ടിയിരുന്ന വാഹനാവതരണമായിരുന്നു ഹമ്മറിന്റേത്. പരമ്പരാഗത ഇന്ധനങ്ങളോട് വിട പറഞ്ഞ് ഇലക്ട്രിക് കരുത്തില്‍ എത്താനൊരുങ്ങിയ ഈ വാഹനത്തിന്റെ ലോഞ്ച് മാറ്റിവെച്ചതായി നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തന്നെയാണ് ഇതിന്റെ പിന്നിലും.

2020  മേയ് 20ന് ഈ ഹമ്മര്‍ ഇലക്ട്രിക് പിക്ക് അപ്പ് ഔദ്യോഗികമായി അവതരിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഇത് അനിശ്ചിത കാലത്തേക്ക് മാറ്റിയിരിക്കുകയാണ്. 2020-ന്റെ അവസാനം എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ജിഎംസി എന്ന ബ്രാന്റിന് കീഴില്‍ ഹമ്മര്‍ ഇവി എന്ന പേരിലായിരിക്കും ഈ വാഹനത്തെ വില്‍പ്പനയ്‌ക്കെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഹമ്മര്‍ ഇവിയുടെ സൈസ്, വില, റേഞ്ച് എന്നീ വിവരങ്ങള്‍ അവതരണ വേളയില്‍ മാത്രമേ പ്രഖ്യാപിക്കൂ. എന്നാല്‍, പരമ്പരാഗത ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ മലിനീകരണ തോത് മാത്രമായിരിക്കും ഇലക്ട്രിക് ഹമ്മറിനുണ്ടാകുകയെന്ന് ജനറല്‍ മോട്ടോഴ്‌സ് എന്‍ജിനിയര്‍മാര്‍ ഉറപ്പുനല്‍കുന്നുണ്ട്.

മുമ്പ് നിരത്തിലുണ്ടായിരുന്ന ഹമ്മറിന്റെ ഡിസൈന്‍ ശൈലിയിലായിരിക്കും പുതിയ ഹമ്മര്‍ ഇവിയും ഒരുങ്ങുക. അതേസമയം ഇലക്ട്രിക്കിലേക്ക് മാറുന്നതിന്റെ നേരിയ മാറ്റങ്ങള്‍ ഈ വാഹനത്തില്‍ നല്‍കുമെന്നും നിര്‍മാതാക്കള്‍ പറയുന്നു. മുമ്പ് ഹമ്മര്‍ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് അതേ ഡ്രൈവിങ്ങ് അനുഭവം ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ടീസര്‍ പുറത്തുവിട്ടാണ് ഹമ്മര്‍ വരവറിയിച്ചിരിക്കുന്നത്. ഓള്‍ ഇലക്ട്രിക്, സീറോ എമിഷന്‍, സീറോ ലിമിറ്റ് എന്നിവയാണ് ഇലക്ട്രിക് ഹമ്മറിന് നിര്‍മാതാക്കള്‍ നല്‍കുന്ന വിശേഷണം. ഈ വാഹനം വിപ്ലവത്തിന്റെ തുടക്കമായിരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഈ വാഹനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, കരുത്തേറിയ വാഹനമായിരിക്കുമെന്നും 1000 എച്ച്പി കരുത്തുള്ള ബാറ്ററിയായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നും മൂന്ന് സെക്കന്റിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നുമാണ് ഈ വാഹനത്തെ കുറിച്ചുള്ള പ്രഥമിക വിവരം.

Content Highlights: GM Motors Hummer Electric Launch Postponed Due To Covid-19, Corona Pandemic