കോവിഡ് വ്യാപനം ലോകത്താകമാനമുള്ള വാഹന വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പുതുതലമുറ വാഹനങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചിപ്പുകളുടെ ലഭ്യത കുറഞ്ഞതാണ് വാഹന നിര്‍മാണം കുറയ്ക്കാന്‍ നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ തന്നെ ചിപ്പ് ക്ഷാമം രൂക്ഷമാണെന്നും ഇത് വാഹന നിര്‍മാണത്തെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള വാഹന നിര്‍മാതാക്കളായ നിസാന്‍ മോട്ടോഴ്‌സ്, സുസുക്കി തുടങ്ങിയവ ജൂണില്‍ വാഹന നിര്‍മാണം കുറയ്ക്കുമെന്നാണ് അറിയുന്നത്. ജൂണ്‍ 24,25,28 തുടങ്ങിയ ദിവസങ്ങളില്‍ നിസാന്റെ ജപ്പാനിലെ രണ്ട് പ്ലാന്റുകള്‍ അടച്ചിടുമെന്നാണ് സൂചന. നിസാന്റെ മെക്‌സികോയിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന ഏതാനും വാഹനങ്ങളുടെ നിര്‍മാണവും നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമാണുള്ളത്.

ഈ തീരുമാനമാണ് സുസുക്കിയും സ്വീകരിച്ചിട്ടുള്ളതെന്നാണ് സൂചന. വിവിധ പ്രദേശങ്ങളിലുള്ള സുസുക്കി പ്ലാന്റുകള്‍ മൂന്ന് മുതല്‍ ഒമ്പത് ദിവസം വരെ അടച്ചിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ആഗോള തലത്തില്‍ ചിപ്പ് ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് പരിഹരിച്ചാല്‍ വാഹനം നിര്‍മാണം പൂര്‍വ്വസ്ഥിതിയിലാകും. 

സുസുക്കി, നിസാന്‍ എന്നീ കമ്പനികള്‍ക്ക് പുറമെ, ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മിസ്തുബിഷിയും വാഹനങ്ങളുടെ നിര്‍മാണം കുറയ്ക്കുമെന്നാണ് സൂചന. ജപ്പാന്‍, തായ്‌ലൻഡ്, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളിലെ അഞ്ച് പ്ലാന്റുകളില്‍ ജൂണിലെ ഉത്പാദനത്തില്‍ 30000 വാഹനങ്ങള്‍ കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ വരുമാനത്തെയും ഇത് ബാധിക്കുമെന്നാണ് ആശങ്ക.

കോവിഡ്-19 വൈറസ് വ്യാപനത്തോടെയാണ് ചിപ്പുകള്‍ക്ക് ക്ഷാമം നേരിട്ട് തുടങ്ങിയത്. ചുരുക്കും കമ്പനികള്‍ മാത്രമാണ് ചിപ്പ് നിര്‍മിക്കുന്നതെന്നാണ് വിലയിരുത്തല്‍. എഞ്ചിന്‍, ബ്ലൂടൂത്ത് സംവിധാനങ്ങള്‍, സീറ്റ് സിസ്റ്റം, കൊളിഷന്‍, ബ്ലൈന്റ് സ്പോട്ട് ഡിറ്റക്ഷന്‍, ട്രാന്‍സ്പിഷന്‍, വൈഫൈ, വീഡിയോ ഡിസ്പ്ലേ സിസ്റ്റം പോലെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യകള്‍ക്കെല്ലാം ചിപ്പുകള്‍ ആവശ്യമാണ്.

Source: Reuters

Content Highlighst: Global Vehicle Manufactures Like Nissan And Suzuki Halt Vehicle Production Due To Chip Shortage