ഇന്ത്യയിലെ കോംപാക്ട് എസ്.യു.വികളില്‍ റെനോയുടെ സാന്നിധ്യമറിയിക്കാനെത്തുന്ന കൈഗര്‍ എസ്.യു.വി ജനുവരി 28-ന് അവതരിപ്പിക്കും. കഴിഞ്ഞ നവംബറില്‍ പ്രദര്‍ശിപ്പിച്ച ഈ വാഹനം പുതുവര്‍ഷത്തിലെത്തുമെന്ന് റെനോ മുമ്പുതന്നെ അറിയിച്ചിരുന്നു. കണ്‍സെപ്റ്റ് മോഡലിന്റെ ഡിസൈനിനോട് 80 ശതമാനം സാമ്യമുള്ള ഡിസൈനിലായിരിക്കും പ്രൊഡക്ഷന്‍ പതിപ്പ് നിരത്തുകളില്‍ എത്തുകയെന്നാണ് സൂചന.
റെനോയുടെ എം.പി.വി മോഡലായ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സി.എം.എഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് കൈഗറും ഒരുങ്ങിയിട്ടുള്ളത്. സ്പോര്‍ട്ടി ഭാവത്തിലാണ് കണ്‍സെപ്റ്റ് മോഡല്‍ ഒരുങ്ങിയിരിക്കുന്നത്. നേര്‍ത്ത ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി ഡി.ആര്‍.എല്‍, എല്‍.ഇ.ഡിയിലുള്ള ഇന്‍ഡിക്കേറ്റര്‍, റൂഫ് റെയില്‍, സി ഷേപ്പ് ടെയില്‍ലാമ്പ്, സ്റ്റൈലിഷ് ബംമ്പര്‍ എന്നിവയാണ് കൈഗറിനെ സ്പോര്‍ട്ടിയാക്കുന്നത്.
റെനോയുടെ എം.പി.വി.മോഡലായ ട്രൈബറിന് സമാനമായ ഇന്റീരിയറായിരിക്കും കൈഗറിലും നല്‍കുക. ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ പുതുതായി ഡിസൈന്‍ ചെയ്ത സെന്റര്‍ കണ്‍സോളും ഡാഷ്‌ബോഡും ഇതില്‍ ഒരുങ്ങും. സ്പേസാണ് ഇതിലെ ഹൈലൈറ്റ്. ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതില്‍ പുതുമ നല്‍കുന്നുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കൂള്‍ഡ് ഗ്ലോബോക്സ് എന്നിവ ഇന്റീരിയറിനെ ഫീച്ചര്‍ റിച്ചാക്കും.
അടുത്തിടെ നിരത്തുകളില്‍ എത്തിയ കോംപാക്ട് എസ്.യു.വിയായ നിസാന്‍ മാഗ്‌നൈറ്റിലെ എന്‍ജിനായിരിക്കും കൈഗറിനും കരുത്തേകുക. 1.0 ലിറ്റര്‍ നാച്വിറലി ആസ്പിരേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഇതില്‍ നല്‍കുക. സാധാരണ പെട്രോള്‍ എന്‍ജിനൊപ്പം മാനുവല്‍, എ.എം.ടി ഗിയര്‍ബോക്‌സുകളും ടര്‍ബോ എന്‍ജിന്‍ മോഡലില്‍ മാനുവല്‍, സി.വി.ടി ഗിയര്‍ബോക്‌സുമായിരിക്കും ട്രാന്‍സ്മിഷന്‍ ഒരുക്കുക.
എതിരാളികളുടെ വലിയ നിരയാണ് കൈഗറിനെ കാത്തിരിക്കുന്നത്. സെഗ്‌മെന്റ് ലീഡറായ മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോണറ്റ്, ടാറ്റ നെക്‌സോണ്‍, ടൊയോട്ട അര്‍ബണ്‍ ക്രൂയിസര്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, നിസാന്‍ മാഗ്‌നൈറ്റ് തുടങ്ങിയവയാണ് കൈഗറിന്റെ എതിരാളികള്‍. ഏതിരാളികളെക്കാള്‍ കുറഞ്ഞ വിലയായിരിക്കും റെനോ ഈ വാഹനത്തിന് നല്‍കുകയെന്നാണ് സൂചന. അവതരണ വേളയില്‍ വില പ്രഖ്യാപിക്കും.
Content Highlights: Global Reveal Of Renault Kiger In India On January 28