ചിപ്പ് ക്ഷാമത്തെത്തുടര്‍ന്ന് ഒക്ടോബറിലെ കാര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്. ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ടൊയോട്ട, നിസാന്‍, സ്‌കോഡ എന്നിവയൊഴികെ ബാക്കി എല്ലാ കമ്പനികളുടെയും വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവു രേഖപ്പെടുത്തി. ഇരുചക്രവാഹനങ്ങളുടെ വില്‍പ്പനയില്‍ എല്ലാ കമ്പനികള്‍ക്കും തിരിച്ചടി നേരിട്ടു. 

അതേസമയം, വാണിജ്യ വാഹന വില്‍പ്പന താരതമ്യേന മികവുകാട്ടി. മഹീന്ദ്രയ്ക്കു മാത്രമാണ് വില്‍പ്പനയില്‍ കുറവുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പന 2020 ഒക്ടോബറിലെ 1.63 ലക്ഷത്തില്‍നിന്ന് 33 ശതമാനം കുറഞ്ഞ് ഇത്തവണ 1.08 ലക്ഷമായി ചുരുങ്ങി. 

വില്‍പ്പനയില്‍ രണ്ടാമതുള്ള ഹ്യുണ്ടായിക്ക് 35 ശതമാനമാണ് ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ 56,605 യൂണിറ്റില്‍നിന്ന് 37,021 യൂണിറ്റായാണ് കുറഞ്ഞത്. കിയയുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ 21,021 എണ്ണത്തില്‍നിന്ന് 16,331 ആയി ചുരുങ്ങി. 22 ശതമാനം ഇടിവ്. ഹോണ്ടയുടെ വില്‍പ്പന 10,836 എണ്ണത്തില്‍നിന്ന് 25 ശതമാനം കുറഞ്ഞ് 8,108 എണ്ണമായി. 

അതേസമയം, ടാറ്റ മോട്ടോഴ്സിന്റെ വില്‍പ്പന കഴിഞ്ഞവര്‍ഷത്തെ 23,617 എണ്ണത്തില്‍നിന്ന് 44 ശതമാനം കൂടി 33,925 എണ്ണമായി ഉയര്‍ന്നു. മഹീന്ദ്ര എട്ടു ശതമാനം വില്‍പ്പന വളര്‍ച്ച നേടി. 18,622 എണ്ണത്തില്‍നിന്ന് 23,130 യൂണിറ്റായാണ് വര്‍ധന. എം.ജി. മോട്ടോഴ്സിന്റെ വില്‍പ്പന 24 ശതമാനം കുറഞ്ഞപ്പോള്‍ നിസാന്‍ 254 ശതമാനവും സ്‌കോഡ 116 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

Content Highlights: Global Chip Shortage Affect Car Sales In October, Car Sales Decreased Due To Chip Shortage