ലോകത്തുടനീളമുള്ള വാഹന വിപണിയില്‍ വിപ്ലവകരമായ ഒരു മാറ്റത്തിനാണ് ഈ പതിറ്റാണ്ട് സാക്ഷ്യം വഹിക്കുന്നത്. പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ക്ക് പകരം നിര്‍മാതാക്കളില്‍ ഭൂരിഭാഗവും ഇലക്ട്രിക് കരുത്തിലുള്ള വാഹനത്തിന്റെ നിര്‍മാണത്തിലേക്ക് മാറുകയാണ്. വോള്‍വോ, ലാന്‍ഡ് റോവര്‍ തുടങ്ങിയ വാഹനങ്ങളുടെ ഇലക്ട്രിക് പ്രഖ്യാപനത്തിന് പിന്നാലെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാനൊരുങ്ങുകയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഔഡി

2026-ഓടെ പൂര്‍ണമായും ഇലക്ട്രിക്ക് കരുത്തിലേക്ക് മാറുമെന്നാണ് ഔഡി അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളുടെ നിര്‍മാണം അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം. 2026-ന് ശേഷം പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലുള്ള പുതിയ മോഡലുകള്‍ ഔഡി അവതരിപ്പിക്കില്ല. ഈ വാഹനങ്ങള്‍ക്ക് പുറമെ, ഹൈബ്രിഡ് വാഹനങ്ങളുടെ ഉത്പാദനവും അവസാനിപ്പിച്ചായിരിക്കും ഇലക്ട്രിക് പ്രവേശനം.

വാഹനങ്ങള്‍ പൂര്‍ണമായും ഇലക്ട്രിക് കരുത്തിലേക്ക് മാറുന്നത് സംബന്ധിച്ച് ഔഡി സി.ഇ.ഒ. മര്‍കസ് ഡ്യൂസ്മാന്‍ സ്ഥിരീകരിച്ചതായി ജര്‍മന്‍ വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലിനീകരണ നിയന്ത്രണ മാനദണ്ഡമായ യൂറോ-7 എമിഷന്‍ മാനദണ്ഡത്തിലേക്ക് മാറുന്നതിന് അനുസൃതമായായിരിക്കും ഔഡി പൂര്‍ണമായും വൈദ്യുതീകരണത്തിലേക്ക് പോകുന്നതെന്നും ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2025-ലാണ് യൂറോ-7 പ്രാബല്യത്തില്‍ വരുന്നത്. 

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇലക്ട്രിഫിക്കേഷന്‍ പദ്ധതിയുടെ ഭാഗമായി 2025-ഓടെ 20 ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മുമ്പ് ഔഡി പ്രഖ്യാപിച്ചിരുന്നു. ഇതിനോടകം തന്നെ ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് ഔഡി ചുവടുവെച്ച് കഴിഞ്ഞു. ഇ-ട്രോണ്‍, ഇ-ട്രോണ്‍ ജി.ടി, ആര്‍.എസ്. ഇ-ട്രോണ്‍ ജി.ടി. എന്നീ ഇലക്ട്രിക് വാഹനങ്ങളാണ് നിലവില്‍ ഔഡി വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ക്യൂ4 ഇ-ട്രോണ്‍ ക്രോസ്ഓവര്‍, എ6 ഇ-ട്രോണ്‍ വാഹനങ്ങളാണ് വൈകാതെ വരവിനൊരുങ്ങുന്നവ.

Source: Sueddeutsche Zeitung

Content Highlights: German Luxury Car Maker Audi Announce Full Electric By 2026