ഷിബു ബേബി ജോൺ പുതിയ കാറിനൊപ്പം | Photo: Audi Kochi
മുന്‍മന്ത്രി, സജീവ രാഷ്ട്രിയ പ്രവര്ത്തകന്, വ്യവസായി, സിനിമ നിര്‍മാതാവ് തുടങ്ങി ബഹുമുഖ പ്രതിഭയാണ് ആര്.എസ്.പി. നേതാവ് കൂടിയായ ഷിബു ബേബി ജോണ്‍. പുതിയ സിനിമ നിര്‍മാണത്തിന് ഒരുങ്ങുന്നതിനൊപ്പം തന്റെ യാത്രകള്‍ക്കായി പുതിയ വാഹനം കൂടി എത്തിയതാണ് അദ്ദേഹത്തിന്റെ മറ്റൊരു വിശേഷങ്ങളിലൊന്ന്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ ഫ്ളാഗ്ഷിപ്പ് എസ്.യു.വിയായ ക്യൂ7 ആണ് അദ്ദേഹം സ്വന്തമാക്കിയ പുതിയ വാഹനം.
ശുഭയാത്ര എന്ന കുറിപ്പോടെ ഔഡി കൊച്ചിയാണ് ഷിബു ബേബി ജോണിന് വാഹനം കൈമാറുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. കൊല്ലം ആര്.ടി.ഒയ്ക്ക് കീഴില്‍ ജനുവരി 16-നാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്റെ പുതിയ വാഹനത്തിന് ഫാന്‍സി നമ്പറും ഷിബു ബേബി ജോണ്‍ നേടിയിട്ടുണ്ട്. അതേസമയം, ക്യൂ7-ന്റെ ഏത് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളതെന്നത് വ്യക്തമല്ല.
പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളിലാണ് ഔഡിയുടെ ക്യു7 ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. ഇതിന് യഥാക്രമം 84.70 ലക്ഷം രൂപയും 90.63 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. എന്നാല്‍, ഇതില്‍ ഏത് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയെന്നത് വ്യക്തമല്ല. ഇന്ത്യയില്‍ ബി.എസ്.6 വാഹനങ്ങള്‍ നിര്‍ബന്ധമാക്കിയതോടെ 2020-ല്‍ വിപണി വിട്ട ഈ വാഹനം. 2022-ന്റെ തുടക്കത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ വീണ്ടുമെത്തിയത്.

ബി.എസ്.6 നിലവാരത്തിലേക്ക് മാറിയ മൂന്നു ലിറ്റര്‍ വി6 ടി.എഫ്.എസ്.ഐ. എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. ഇത് 340 എച്ച്.പി. കരുത്തും 500 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5.9 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാകും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. ക്വാട്രോ ഓള്-വീല്‍ ഡ്രൈവ്, അഡാപ്റ്റീവ് എയര്‍ സസ്പെന്ഷന്, ഏഴ് ഡ്രൈവ് മോഡുകളാണ് വാഹനത്തിനുള്ളത്.
എന്‍ജില്‍ വരുത്തിയ മാറ്റത്തിന് സമാനമായി ലുക്കിലും മുന്‍ മോഡലിനെക്കാള്‍ ഏറെ സ്റ്റൈലിഷായാണ് Q7-ന്റെ പുതിയ പതിപ്പ് എത്തിയിട്ടുള്ളത്. ക്രോമിയം സ്ലാറ്റുകളും ബോര്‍ഡറും നല്‍കിയിട്ടുള്ള വലിയ ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഡി.ആര്.എല്‍, മസ്കുലര്‍ ഭാവം നല്കുന്ന ബമ്പറും സ്കിഡ് പ്ലേറ്റും വലിപ്പമേറിയ എയര്‍ ഇന്‍ ടേക്കുകള്‍, അലോയി വീലുകള്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റുകള്‍ എന്നിവയാണ് ഈ വാഹനത്തിന് സൗന്ദര്യം പകരുന്നത്.
ചിട്ടയായ രൂപകല്‍പ്പനയാണ് അകത്തളത്തിന് അഴകേകുന്നത്. രണ്ട് സ്ക്രീനുകളാണ് സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ഗ്ലോസി ബ്ലാക്ക് പാനല്‍ നല്‍കിയാണ് മറ്റ് അലങ്കാര പണികള്‍. അഡ്വാന്‍സ് കണക്ടിവിറ്റി സംവിധാനം, വൈ-ഫൈ ഹോട്ട് സ്പോട്ട്, ഔഡി കണക്ട് പോര്‍ട്ട്ഫോളിയോ, എന്നീ സംവിധാനങ്ങളും ഇതിലുണ്ട്. ലെതര്‍ ആവരണമുള്ള സീറ്റുകളാണ് ഇതിലുള്ളത്. പുതിയ ഡിസൈനിലാണ് സ്റ്റിയറിങ്ങ് വീലും ഒരുക്കിയിട്ടുള്ളത്.
Content Highlights: Former minister, producer, business man Shibu Baby John Buys Audi Q7 SUV
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..