മേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്റെ ആഡംബര വാഹന വിഭാഗമായ ലിങ്കണ്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവയ്ക്കുന്നു. ഇതിന്റെ ഭാഗമായി 2022-ല്‍ ലിങ്കണിന്റെ ആദ്യ ഇലക്ട്രിക് മോഡല്‍ നിരത്തുകളില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. ലിങ്കണ്‍ ബ്രാന്റിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് ആദ്യ ഇലക്ട്രിക് മോഡല്‍ നിരത്തുകളില്‍ എത്തുന്നത്. 

2025-ഓടെ ലിങ്കണ്‍ വാഹനനിര പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലിങ്കണ്‍ ബ്രാന്റ് വാഹനങ്ങളുടെ പ്രധാന എതിരാളിയും ജനറല്‍ മോട്ടോഴ്‌സിന്റെ ആഡംബര വാഹന വിഭാഗവുമായ കാഡിലാക്കിന്റെ ഇലക്ട്രിക് പ്രഖ്യാപനത്തെ തുടര്‍ന്നാണ് ലിങ്കണും ഈ തിരുമാനത്തിലെത്തിയത്. നാല് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് ആകാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കാഡിലാക്കിനെ മറികടക്കുക എന്നതാണ് ലിങ്കണിന്റെ പ്രധാന ലക്ഷ്യം. 2025-ഓടെ ഈ ലക്ഷ്യം നേടാനുള്ള പദ്ധതികളും കമ്പനി ഒരുക്കുന്നുണ്ട്. എന്നാല്‍, പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലൂടെ മാത്രം ഈ ലക്ഷ്യം നേടാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ലിങ്കണിന്റെ മാതൃസ്ഥാപനമായ ഫോര്‍ഡ് ഇതിനോടം തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതികളില്‍ ജനറല്‍ മോട്ടോഴ്‌സും ഏറെ മുന്നേറി കഴിഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍, ഓട്ടോണമസ് വാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനായി 35 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ജനറല്‍ മോട്ടോഴ്‌സ് അടുത്തിടെ നടത്തിയതെന്നാണ് സൂചന. 2020-ല്‍ പ്രഖ്യാപിച്ച പദ്ധതി തുകയെക്കാള്‍ എട്ട് ബില്ല്യണ്‍ ഡോളറാണ് ഇപ്പോള്‍ നിക്ഷേപിച്ചിട്ടുള്ളത്. 

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അടുത്തിടെ ഫോര്‍ഡ് വികസിപ്പിച്ച പ്ലാറ്റ്‌ഫോമിലായിരിക്കും ലിങ്കണിന്റെ ഇലക്ട്രിക് വാഹനം ഒരുങ്ങുക. രണ്ട് ഇലക്ട്രിക് പ്ലാറ്റ്‌ഫോമാണ് ഫോര്‍ഡ് വികസിപ്പിച്ചിട്ടുള്ളത്. ചെറിയ എസ്.യു.വികള്‍ക്കും സെഡാനുകള്‍ക്കുമായി ഒന്നും എസ്.യു.വികള്‍ക്കായി മറ്റൊന്നുമാണ് നിര്‍മിച്ചിരിക്കുന്നത്. ഫോര്‍ഡ് ഇ-150 ലൈറ്റനിങ്ങ് രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിട്ടുള്ളത്.

Content Highlights: Ford Owned Luxury Vehicle Brand Lincoln To Launch Electric Vehicle