Image Courtesy: NDTV Car and Bike
കൊറോണ വൈറസ് എന്ന മഹാമാരി പിടിമുറുക്കിയപ്പോള്‍ മുതല്‍ ജനങ്ങളെയും ആരോഗ്യപ്രവര്‍ത്തകരെയും സഹായിക്കാന്‍ മുന്നിട്ടിറങ്ങിയവരാണ് അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോഴ്‌സ്. ഫെയ്‌സ്ഷീല്‍ഡ്, മാസ്‌ക് എന്നിവയ്ക്ക് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മെഡിക്കല്‍ ഗൗണിന്റെ നിര്‍മാണത്തിലാണ് ഫോര്‍ഡ്.
കാറുകളിലെ എയര്‍ബാഗ് നിര്‍മിക്കുന്ന മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഫോര്‍ഡിലെ ജീവനക്കാര്‍ മെഡക്കല്‍ ഗൗണ്‍ നിര്‍മിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ 75,000 ഗൗണുകള്‍ നിര്‍മിക്കാനാണ് കമ്പനി ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുള്ളത്. ഏപ്രില്‍ 19-നുശേഷം ആഴ്ചയില്‍ ഒരുലക്ഷം ഗൗണുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നുമാണ് ഫോര്‍ഡ് അറിയിച്ചിരിക്കുന്നത്.
50 തവണ വരെ കഴുകാന്‍ സാധിക്കുന്നതും ഫെഡറല്‍ സ്റ്റാന്റേഡ് സാക്ഷ്യപ്പെടുത്തിയതുമായി 1.3 മില്ല്യണ്‍ മെഡിക്കല്‍ ഗൗണ്‍ ജൂലായി മൂന്നോടെ ഒരുങ്ങുമെന്നാണ് വിവരം. ബ്യുമോണ്ട് ഹെല്‍ത്ത് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഫോര്‍ഡ് ഗൗണ്‍ നിര്‍മിക്കുന്നത്. ഇതിനോടകം തന്നെ 5000 ഗൗണുകള്‍ വിവധ ആശുപത്രികള്‍ക്കായി നല്‍കിയിട്ടുണ്ട്.
ഇതിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഫെയ്‌സ് ഷീല്‍ഡും ഫോര്‍ഡ് നിര്‍മിക്കുന്നുണ്ട്. ഏപ്രില്‍ 13-ലെ കണക്കനുസരിച്ച് 30 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകള്‍ ഫോര്‍ഡ് നിര്‍മിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് പുറമെ, കാനഡ, തായ്‌ലാന്‍ഡ്, എന്നിവിടങ്ങളിലും ഷീല്‍ഡ് നിര്‍മിക്കുന്നുണ്ട്. ഇന്ത്യയില്‍ മഹീന്ദ്രയാണ് ഫെയ്‌സ് ഷീല്‍ഡ് ഒരുക്കുന്നത്.
യു.കെ ഗവണ്‍മെന്റിന്റെ ആവശ്യമനുസരിച്ച് ഫോര്‍ഡ് അവര്‍ക്കായി വെന്റിലേറ്ററിന്റെ നിര്‍മാണം ആരംഭിക്കുകയാണ്. മറ്റൊരു വെന്റിലേറ്റര്‍ നിര്‍മാണ കമ്പനിയുമായി ചേര്‍ന്നാണ് ഫോര്‍ഡിന്റെ പ്രവര്‍ത്തനം. എന്‍ജിനിയറിങ്ങ് സംവിധാനം, ഉപകരണങ്ങള്‍, നിര്‍മാണ പ്ലാന്റ് എന്നിവ ഫോര്‍ഡ് നല്‍കുമെന്നാണ് സൂചന. 15,000 വെന്റിലേറ്ററാണ് യുകെയ്ക്കായി നിര്‍മിക്കുക.
Source: NDTV Car and Bike
Content Highlights: Ford Motors Is Making Medical Gowns For Health Workers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..