വാഹനപ്രേമികളുടെ ഹൃദയം കീഴടക്കിയ 'ഫോര്‍ഡ്' ഇന്ത്യ വിടുമ്പോള്‍ നിലവിലുള്ള ഉടമകള്‍ക്ക് ആശങ്കയുടെ ആവശ്യമുണ്ടോ...? കേരളം പോലൊരു വിപണിയില്‍ അത്തരം ആശങ്കകള്‍ ഇല്ലെന്നാണ് ഫോര്‍ഡ് ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള പ്രതികരണം.

നിലവിലെ ഉടമകളെയും ഡീലര്‍ഷിപ്പുകളെയും ബാധിക്കുമോ?

ഫോര്‍ഡ് ഇന്ത്യ വിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും നിലവിലെ ഫോര്‍ഡ് ഉടമകളെയും ഡീലര്‍ഷിപ്പുകളെയും ഇത് ബാധിക്കില്ല. ഉപഭോക്താക്കള്‍ക്ക് സര്‍വീസ് ഉറപ്പാക്കുന്നതിന് ഫോര്‍ഡ് ഇന്ത്യയുടെ പിന്തുണ ഡീലര്‍ഷിപ്പുകള്‍ക്ക് ഉണ്ടാകും. പാര്‍ട്സ്, വാറന്റി, സര്‍വീസ് തുടങ്ങിയ കാര്യങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ക്ക് വേണ്ട പിന്തുണ നല്‍കുമെന്നാണ് കമ്പനി അറിയിക്കുന്നത്.

എത്ര വര്‍ഷത്തേക്ക് സര്‍വീസ് ഉറപ്പാക്കും ?

പത്ത് വര്‍ഷത്തേക്ക് സേവനം നല്‍കും. പാര്‍ട്സ്, റിപ്പയര്‍, വാറന്റി സേവനങ്ങള്‍ ഉറപ്പാക്കുമെന്നും കമ്പനി പറയുന്നു. അതുകൊണ്ട്, വാഹനം കൃത്യമായി സര്‍വീസ് ചെയ്യാന്‍ സാധിക്കും. വാറന്റിയും നഷ്ടപ്പെടില്ല.

സ്റ്റോക്ക് തീരുംവരെ ഡെലിവറി

പുതുതായി ഫോര്‍ഡ് വാഹനങ്ങള്‍ ബുക്ക് ചെയ്തവര്‍ക്ക് അതത് ഡീലര്‍ഷിപ്പുകളിലെ സ്റ്റോക് അനുസരിച്ച് വാഹനത്തിന്റെ ഡെലിവറി ഉറപ്പാക്കിയിട്ടുണ്ട്. വാഹനം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ബുക്ക് ചെയ്ത ടോക്കണ്‍ തുകയും തിരിച്ചുനല്‍കി. അതേസമയം, ഇന്ത്യ വിടുന്നതായുള്ള വാര്‍ത്തകള്‍ വന്നിട്ടും മിക്ക ഡീലര്‍ഷിപ്പുകളിലും ബുക്ക് ചെയ്ത വാഹനം കിട്ടുമോ എന്നായിരുന്നു ഉപഭോക്താക്കളുടെ അന്വേഷണം.

ഡീലര്‍ഷിപ്പുകള്‍ അടച്ചുപൂട്ടില്ല

ഫോര്‍ഡിന്റെ ഡീലര്‍ഷിപ്പ് സ്ഥാപനങ്ങള്‍ നിലവില്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് എഗ്രിമെന്റിലാണ് പ്രവര്‍ത്തിക്കുന്നത്. ഇനിയിത് പാര്‍ട്സ് ആന്‍ഡ് സര്‍വീസ് എഗ്രിമെന്റായി പുനഃസംഘടിപ്പിക്കും. നിലവില്‍ പാര്‍ട്സ്, സര്‍വീസ് വാറന്റി എന്നിവ ഡീലര്‍ ഷോറൂമുകളില്‍ ഉറപ്പാക്കുന്നുണ്ട്. ഡീലര്‍ ബിസിനസ് സാധാരണനിലയിലാണ്.

റീ-സെയില്‍ മൂല്യം കുറയും

ഫോര്‍ഡ് ഉടമകള്‍ നേരിടാന്‍പോകുന്ന വലിയ പ്രശ്‌നം വാഹനത്തിന്റെ റീ-സെയില്‍ മൂല്യം സംബന്ധിച്ചതാണ്. വണ്ടി നല്ലതായതുകൊണ്ട് ആളുകള്‍ക്ക് വില്‍ക്കാന്‍ താത്പര്യം കുറയും. സര്‍വീസ് സപ്പോര്‍ട്ട് ഉറപ്പാക്കിയാല്‍ ഇതൊരു പ്രശ്‌നമല്ല.

ഫോര്‍ഡിന് ജി.എം. പോലെ ഇന്ത്യ വിടാന്‍ കഴിയില്ല. ചെന്നൈ പ്ലാന്റ് കേന്ദ്രീകരിച്ച് മാത്രം 11,000 ജീവനക്കാര്‍ ഫോര്‍ഡിന് ഇന്ത്യയിലുണ്ട്. ചെന്നൈ കേന്ദ്രീകരിച്ചുള്ള ഗ്ലോബല്‍ ബിസിനസ് സര്‍വീസ് സെന്ററിനു കീഴിലായിരിക്കും തുടര്‍ന്ന് സര്‍വീസ് സപ്പോര്‍ട്ട് കമ്പനി നല്‍കുന്നത്. ലോകത്തുള്ള പല ഗ്ലോബല്‍ ഔട്ട്സോഴ്സിങ്ങും ഇവിടെ നിന്നാണ് ചെയ്യുന്നത്. ഇന്ത്യയിലെ ഉടമകള്‍ക്കും ഇവിടെനിന്ന് സേവനമെത്തിക്കാന്‍ കമ്പനിക്ക് യാതൊരു പ്രയാസവുമുണ്ടാകില്ല. രണ്ടോ മൂന്നോ മാസത്തിനകം സര്‍വീസ് സ്ട്രാറ്റജി കമ്പനി വ്യക്തമാക്കിയേക്കും.

ഇലക്ട്രിക്കില്‍ തിളങ്ങി വരുമോ?

ഐക്കോണിക് വാഹനങ്ങളും ഇലക്ട്രിക് എസ്.യു.വി.കളുമായി ഇന്ത്യയില്‍ പ്രവര്‍ത്തനം പുനഃസംഘടിപ്പിക്കുമെന്നും പൂര്‍ണമായി രാജ്യം വിടില്ലെന്നുമാണ് ഫോര്‍ഡ് അറിയിച്ചിട്ടുള്ളത്. മസ്താങ് കൂപ്പെ, മസ്താങ് മാക് തുടങ്ങിയ ഇറക്കുമതി വാഹനങ്ങളുടെ വില്‍പ്പനയും തുടരും. കൂടുതല്‍ പ്രീമിയം ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചുകൊണ്ട് ഈ വിഭാഗത്തില്‍ ശക്തമായ തിരിച്ചുവരവുണ്ടായേക്കുമെന്നും പ്രതീക്ഷിക്കാം.

Content Highlights: Ford Motors Exit From India, Ford Cars, Ford Service, Ford Dealership