ഇന്തോ-അമേരിക്കന്‍ കൂട്ടിക്കെട്ടിലൂടെ ഇന്ത്യന്‍ നിരത്തില്‍ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ഫോര്‍ഡ്-മഹീന്ദ്ര സഖ്യം. എംപിവികളും എസ്‌യുവികളും ഇലക്ട്രിക് വാഹനങ്ങളും ഉള്‍പ്പെടെ വലിയ വാഹനനിരയാണ് ഈ കൂട്ടുകെട്ട്‌ ഇന്ത്യക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുള്ളത്. 

എന്നാല്‍, ഈ കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ ഇന്ത്യയിലെ എംപിവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനുള്ള നീക്കത്തിലാണ് അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോര്‍ഡ്. മഹീന്ദ്രയ്ക്ക് നിരവധി നേട്ടം സമ്മാനിച്ച മരാസോയെ അടിസ്ഥാനമാക്കിയുള്ള എംപിവിയായിരിക്കും ഫോര്‍ഡ് എത്തിക്കുക.

മരാസോയെ അടിസ്ഥാനമാക്കിയെത്തുന്ന വാഹനമാണെങ്കിലും ഫോര്‍ഡിന്റെ ബി-മാക്‌സ് ഡിസൈന്‍ ശൈലിയായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് സൂചന. ഈ വാഹനത്തിന്റെ ഏഴ് സീറ്റ്, എട്ട് സീറ്റ് പതിപ്പുകള്‍ എത്തുന്നുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ട്.

തികച്ചും പുതിയ ഇന്റീരിയറായിരിക്കും ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത. പുതിയ ഡിസൈനിലൊരുങ്ങുന്ന ഡാഷ്‌ബോര്‍ഡ്, സിങ്ക് സീരീസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിന് പുതുമ ഒരുക്കിയേക്കും. 

മാരാസോയില്‍ ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഫോര്‍ഡ് എംപിവിയിലും നല്‍കുക. 121 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകള്‍ ഇതില്‍ നല്‍കുന്നുണ്ട്.

Content Highlights: Ford Is Working For Mahindra Marazzo Based MPV