രു കാലത്ത് ഹാച്ച്ബാക്കിനും അതിന് പിന്നാലെ സെഡാന്‍ കാറുകള്‍ക്കും ലഭിച്ചിരുന്ന സ്വീകാര്യത ഇപ്പോള്‍ ഏറെ ആസ്വദിക്കുന്നത് കോംപാക്ട് എസ്‌യുവി വാഹനങ്ങളായിരിക്കും. ഇതിന്റെ ഭാഗമാണ് ഹാരിയറിനും കോംപസിനും ലഭിക്കുന്ന സ്വീകാര്യത. ഈ അംഗീകാരം പങ്കിട്ടെടുക്കാന്‍ ഫോര്‍ഡും ഒരു പ്രീമിയം എസ്‌യുവി എത്തിക്കുകയാണ്.

മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടിലാണ് ഇന്ത്യയിലേക്ക് പ്രീമിയം കോംപാക്ട് എസ്‌യുവി എത്തിക്കാനൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന XUV500-ന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനവും ഒരുങ്ങുകയെന്നാണ് സൂചന. ഫോര്‍ഡും മഹീന്ദ്രയും ചേര്‍ന്ന് വികസിപ്പിക്കുന്ന എന്‍ജിനായിരിക്കും ഇതില്‍ നല്‍കുക.

വാഹനത്തിന്റെ ഡിസൈന്‍ ഫോര്‍ഡായിരിക്കും നിര്‍വഹിക്കുക. ആഗോള നിരത്തിലുള്ള വാഹനങ്ങളോട് കിടപിടിക്കുന്ന സൗന്ദര്യം ഈ വാഹനത്തിന് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഫോര്‍ഡ് വിദേശത്ത് ഇറക്കിയിട്ടുള്ള എഡ്ജ്, എക്‌സ്‌പ്ലോര്‍ വാഹനങ്ങളുമായി രൂപസാദൃശ്യമുള്ള വാഹനമായിരിക്കും ഇന്ത്യയിലെത്തുന്നത്.

Explorer

അഞ്ച്, ഏഴ് സീറ്റുകളില്‍ ഈ വാഹനം എത്തിക്കുമെന്നാണ് ലഭ്യമായ വിവരം. ഈ സെഗ്‌മെന്റിലുള്ള വാഹനങ്ങളുമായി താരതമ്യപ്പെടുത്താനാവാത്ത സൗകര്യങ്ങള്‍ ഇന്റീരിയറില്‍ ഉള്‍പ്പെടുത്തും. ലെതര്‍ സീറ്റ്, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സണ്‍റൂഫ്, സ്മാര്‍ട്ടി കീ തുടങ്ങിയ സംവിധാനങ്ങള്‍ സ്റ്റാന്റേഡായിരിക്കും.

ബിഎസ്-6 നിലവാരത്തിലുള്ള മഹീന്ദ്രയുടെ പുതുതലമുറ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുകയെന്നാണ് സൂചന. ഇതിന് 180 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: Ford Introducing Compact SUV For Challenge Tata Harrier