ന്ത്യന്‍ നിരത്തുകളില്‍ മികച്ച സ്വീകാര്യത ലഭിച്ച ഫോര്‍ഡിന്റെ വാഹനങ്ങളിലൊന്നാണ് ഫിഗോ എന്ന ഹാച്ച്ബാക്ക്. ഫോര്‍ഡിന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ വാഹനമാണ് ഫിഗോയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സ്ഥാനം പിടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയെത്തുന്ന പുതിയ പതിപ്പ് ജൂലൈ 22-ന് അവതരിപ്പിക്കുമെന്നാണ് സൂചന.

ഫോര്‍ഡിന്റെ കോംപാക്ട് എസ്.യു.വി. മോഡലായ ഇക്കോസ്‌പോട്ടില്‍ നല്‍കിയിട്ടുള്ള ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കും ഫിഗോയുടെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം നല്‍കുക. ഇക്കോസ്‌പോട്ടില്‍ 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിന്‍ മോഡലിലാണ് ഈ ഗിയര്‍ബോക്‌സ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

95 ബി.എച്ച്.പി. പവറും 119 എന്‍.എം.ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഫിഗോയില്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ഫിഗോ നിരത്തുകളില്‍ എത്തുന്നത്. അതേസമയം, ഫിഗോയുടെ സെഡാന്‍ മോഡലായ ആസ്പറയറിലും ഹാച്ച്ബാക്ക് പതിപ്പായ ഫ്രീസ്റ്റൈലിലും ഓട്ടോമാറ്റിക് നല്‍കുന്നുണ്ടോയെന്ന് വ്യക്തമല്ല.

ഫിഗോയുടെ പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിന് 18.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലേക്ക് മാറുന്നതോടെ ഇതില്‍ നേരിയ കുറവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ഡീസല്‍ എന്‍ജിനിലും ഫിഗോ നിരത്തുകളില്‍ എത്തുന്നുണ്ട്. 99 ബി.എച്ച്.പി. പവറും 215 എന്‍.എം.ടോര്‍ക്കുമേകുന്ന 1.5 ലിറ്ററാണ് ഡീസല്‍ എന്‍ജിന്‍.

ഡിസൈനിലും ഫീച്ചറുകളിലും മാറ്റം വരുത്താതെയാണ് ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പ് എത്തുന്നത്. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ചിട്ടുള്ള വലിയ ഗ്രില്ലും  സ്റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പും, മസ്‌കുലര്‍ ഭാവമുള്ള ബമ്പറും, അലോയി വീലുകളുമെല്ലാം തുടര്‍ന്നും ഫിഗോയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും. പുതിയ ട്രാന്‍സ്മിഷന്‍ സ്ഥാനം പിടിക്കുന്നത് മാത്രമാണ് മാറ്റം.

Content Highlights: Ford Figo Hatchback To Get Automatic Transmission