വാഹനം വാങ്ങാനൊരുങ്ങുമ്പോള്‍ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്നവര്‍ തിരഞ്ഞെടുക്കുന്ന വാഹനങ്ങളിലൊന്ന്‌ ഫോര്‍ഡ് ആയിരിക്കും. സുരക്ഷയുടെ കാര്യത്തില്‍ ഫോര്‍ഡിന്റെ വാഹനങ്ങള്‍ക്കുള്ള വിശ്വാസ്യതയ്ക്ക് ഇതുവരെ യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, ഈ സുരക്ഷ ഒരിക്കല്‍ കൂടി ഉറപ്പിക്കുകയുമാണ്.

ലാറ്റിന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മിച്ച് മെക്‌സികോയിലെത്തിച്ച ഹാച്ച്ബാക്ക് മോഡലായ ഫിഗോയും സെഡാന്‍ മോഡലായ ആസ്പയറും നാല് സ്റ്റാര്‍ റേറ്റിങ് നേടിയാണ് സുരക്ഷ ഒരിക്കല്‍ കൂടി ഉറപ്പാക്കിയിരിക്കുന്നത്.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയില്‍ ഫോര്‍ഡ് നാല് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിട്ടുണ്ട്. 

നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനമാണ് ക്രാഷ് ടെസ്റ്റിനെത്തിയത്. ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ക്രാഷ് ടെസ്റ്റില്‍ വിലയിരുത്തി. 

ഇന്ത്യന്‍ നിരത്തുകളില്‍ മികച്ച സ്വീകാര്യത നേടിയിട്ടുള്ള വാഹനങ്ങളാണ് ഫോര്‍ഡ് ഫിഗോയും, ഫിഗോ ആസ്പയറും. 1.5 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളിലാണ് ഈ വാഹനം നിരത്തുകളില്‍ എത്തുന്നത്.

Content Highlights: Ford Figo Gets Four Star Rating In Crash Test