നിരത്തുകളില്‍ തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് ഓട്ടോമാറ്റിക് വാഹനങ്ങളുടെ ഡിമാന്റും കാര്യമായി ഉയരുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഹാച്ച്ബാക്ക് മോഡലായ ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. ഇന്ത്യന്‍ വിപണിയിലെ ഫോര്‍ഡിന്റെ എന്‍ട്രി ലെവല്‍ മോഡലാണ് ഫിഗോ.

ഫിഗോയുടെ ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുള്ളത്. ഈ വാഹനങ്ങള്‍ക്ക് യഥാക്രമം 7.75 ലക്ഷം രൂപയും 8.20 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. അവതരണത്തിന് തൊട്ടുപിന്നാലെ തന്നെ പുതിയ മോഡലുകള്‍ക്കായുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങും ആരംഭിച്ചതായി ഫോര്‍ഡ് ഇന്ത്യ അറിയിച്ചു.

ഫോര്‍ഡ് ഫിഗോ ഉള്‍പ്പെടുന്ന ഹാച്ച്ബാക്ക് ശ്രേണിയിലെ തന്നെ ഏറ്റവും മികച്ച ട്രാന്‍സ്മിഷന്‍ അനുഭവമായിരിക്കും ഈ വാഹനം നല്‍കുകയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഒരുങ്ങിയിട്ടുള്ളത്. 96 പി.എസ്. പവറും 119 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. 

മികച്ച പ്രകടനവും ഡ്രൈവബിലിറ്റിയും ഉറപ്പാക്കുന്നതിനായി സ്‌പോര്‍ട്‌സ് മോഡ്. സെലക്ട്ഷിഫ്റ്റ് സംവിധാനങ്ങളും ഫിഗോയുടെ ഓട്ടോമാറ്റിക് പതിപ്പില്‍ ഒരുക്കിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് മോഡില്‍ മികച്ച ഡ്രൈവിങ്ങ് എക്‌സ്പീരിയന്‍സ് നല്‍കുന്നതിനായി ഓപ്റ്റിമം ഗിയര്‍ സംവിധാനത്തിലൂടെ വേഗത്തിലുള്ള ഷിഫ്റ്റിങ്ങ് സാധ്യമാക്കും. സെലക്ട് ഷിഫ്റ്റ് സംവിധാനത്തില്‍ മാനുവല്‍ മോഡില്‍ ഡ്രൈവ് ചെയ്യാനും സാധിക്കും.

ഫിഗോയുടെ ഉയര്‍ന്ന വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുള്ളതിനാല്‍ മികച്ച സുരക്ഷ സംവിധാനങ്ങലും ഫീച്ചറുകളും ഇതില്‍ ഇടംനേടിയിട്ടുണ്ട്.ആറ് എയര്‍ബാഗ്, ഹില്‍ ലോഞ്ച് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി, ഫോര്‍ഡ് പാസ് എന്നീ സുരക്ഷ സന്നാഹങ്ങളാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. അഞ്ച് നിറങ്ങളിലും ഈ വാഹനം എത്തുന്നുണ്ട്.

Content Highlights: Ford Figo Automatic Transmission Model Launched In India