ഫോര്‍ഡില്‍ നിന്ന് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള ഹാച്ച്ബാക്ക് വാഹനമാണ് ഫിഗോ. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വരുത്താത്ത ഈ വാഹനം മെക്കാനിക്കലായുള്ള മാറ്റത്തിന് ഒരുങ്ങുകയാണ്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമെത്തിയിരുന്ന ഫിഗോയുടെ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ മോഡല്‍ നിരത്തുകളിലെത്താനൊരുങ്ങുന്നു.

ഫിഗോയുടെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലിനൊപ്പമാണ് ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്. ഫോര്‍ഡിന്റെ കോംപാക്ട് എസ്‌യുവി മോഡലായ ഇക്കോസ്‌പോര്‍ട്ടിന്റെ ഓട്ടോമാറ്റിക് മോഡലിലും ഈ ട്രാന്‍സ്മിഷനാണ് പ്രവര്‍ത്തിക്കുന്നത്. ഓഗസ്റ്റ് അവസാനത്തോടെ ഈ മോഡല്‍ എത്തിയേക്കും.

ഓട്ടോമാറ്റിക്കിലേക്ക് മാറുമ്പോഴും എതിരാളികളെക്കാള്‍ ഒരുപടി മുന്നില്‍ നിക്കാനുള്ള ശ്രമവും ഫിഗോ നടത്തുന്നുണ്ട്. ഇതിനായി ഫിഗോ ഓട്ടോമാറ്റിക്കില്‍ പാഡില്‍ ഷിഫ്‌റ്റേഴ്‌സ് നല്‍കിയേക്കുമെന്നാണ് സൂചന. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഫിഗോയിക്ക് ഏകദേശം എട്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയാകുമെന്നാണ് കണക്കാക്കുന്നത്. 

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഫോര്‍ഡ് ഫിഗോ ഹാച്ച്ബാക്ക് നിരത്തുകളിലെത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 94.9 ബിഎച്ച്പി പവറും 119 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 98.9 ബിഎച്ച്പി പവറും 215 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് മോഡലിലും അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

ആംബിയന്റ്, ട്രെന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ നാല് വേരിയന്റുകളിലാണ് ഫോര്‍ഡ് ഫിഗോ നിരത്തുകളിലെത്തുന്നത്. ഫിഗോയുടെ പെട്രോള്‍ മോഡലുകള്‍ക്ക് 5.49 ലക്ഷം രൂപ മുതല്‍ 7.05 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 7.16 ലക്ഷം രൂപ മുതല്‍ 8.15 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.

Source: Autocar India

Content Highlights: Ford Figo Automatic Model Set To Launch In August