മേരിക്കയില്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി അടച്ചിട്ട വാഹനനിര്‍മാണ പ്ലാന്റുകള്‍ തുറക്കാന്‍ അനുമതി തേടി ഫോര്‍ഡ്, ഫിയറ്റ് ക്രൈസ്‌ലര്‍, ഹോണ്ട, ടൊയോട്ട എന്നീ കമ്പനികള്‍. ഏപ്രില്‍ മാസം പകുതിയോടെയെങ്കിലും നോര്‍ത്ത് അമേരിക്കയിലെ പ്ലാന്റുകള്‍ തുറക്കാനാണ് ഈ വാഹന നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. 

വാഹന നിര്‍മാതാക്കളെ പോലെ തന്നെ അമേരിക്കയിലെ മറ്റ് വ്യവസായങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാണെന്നാണ് സൂചന. കൊറോണ വൈറസ് വ്യാപിക്കാന്‍ തുടങ്ങിയതോടെ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കാന്‍ ഫാക്ടറികള്‍ ഉള്‍പ്പെടെ അടച്ചിടാന്‍ നിര്‍ബന്ധിതരായതാണ് വ്യവസായ മേഖലയില്‍ തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത്. 

ഏപ്രില്‍ പതിനാലോടെ നോര്‍ത്ത് അമേരിക്കയിലെ പ്ലാന്റുകള്‍ പൂര്‍ണമായും തുറക്കാനാണ് ഫോര്‍ഡിന്റെ ശ്രമം. ഏപ്രില്‍ ആറിന് മെക്‌സിക്കോയിലേയും ഏപ്രില്‍ പതിനാലിനകം അമേരിക്കയിലെ ബാക്കി നാല് പ്ലാന്റുകളിലും പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് ഫോര്‍ഡ് പ്രതീക്ഷിക്കുന്നത്. 56,000 ജീവനക്കാരാണ് ഫോര്‍ഡിന്റെ ഫാക്ടറികളില്‍ ജോലി ചെയ്യുന്നത്. 

ഏപ്രില്‍ ഏഴിനുള്ളില്‍ തന്നെ അമേരിക്കയിലെയും കാനഡയിലെയും പ്ലാന്റുകള്‍ തുറക്കാനുള്ള നീക്കത്തിലാണ് ഹോണ്ട. അതേസമയം, ഏപ്രില്‍ ഇരുപതോടെ നോര്‍ത്ത് അമേരിക്കയിലെ പ്ലാന്റ് തുറക്കാനാകുമെന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ. വാഹനനിര്‍മാതാക്കള്‍ ഇക്കാര്യം തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍-ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്ലര്‍ ഏപ്രില്‍ പതിനാലോടെ അമേരിക്കയിലെയും കാനഡയിലെയും പ്ലാന്റുകള്‍ തുറന്നേക്കും. എന്നാല്‍, അന്തിമ തീരുമാനം ആയിട്ടില്ല. അതേസമയം, അമേരിക്കന്‍ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ് പ്ലാന്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല.

Source:ABC News

Content Highlights: Ford, Fiat Chrysler, Honda, Toyota Seek To Restart Production Plants