ഫോർഡ് പുറത്തുവിട്ട ടീസർ | Photo: Facebook|Ford India
ഇന്ത്യയിലെ പ്രീമിയം എസ്‌യുവികളിലെ കരുത്തന്‍ മത്സരാര്‍ഥിയാണ് ഫോര്‍ഡ് എന്‍ഡേവര്‍. കെട്ടിലും മട്ടിലും തലയെടുപ്പിലും കേമനായ ഈ പ്രീമിയം എസ്‌യുവി സ്‌പോര്‍ട്ടി ഭാവത്തിലുമെത്താനുരുങ്ങുന്നു. എന്‍ഡേവര്‍ സ്‌പോര്‍ട്ട് എഡിഷന്‍ എന്ന പേരിട്ടിരിക്കുന്ന ഈ വാഹനത്തിന്റെ വരവറിയിക്കുന്ന ടീസര്‍ ഫോര്‍ഡ് പുറത്തിറക്കി. ദിവസങ്ങള്‍ക്കുള്ളില്‍ നിരത്തുകളിലെത്തുമെന്നാണ് വിവരം.
അതേസമയം, സ്‌പോര്‍ട്ട് എഡിഷന്‍ എന്‍ഡേവറിനായുള്ള അനൗദ്യോഗിക ബുക്കിങ്ങ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 50,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ്. എന്‍ഡേവറിന്റെ ഉയര്‍ന്ന വകഭേദമായ ടൈറ്റാനിയം പ്ലസ് ആണ് സ്‌പോര്‍ട്ടി ഭാവത്തിലെത്തുന്നത്. ഈ വേരിയന്റിന്റെ റെഗുലര്‍ മോഡലിന് 34.45 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.
സ്‌പോര്‍ട്ടി ഭാവം ഒരുക്കുന്നതിനായി എക്‌സ്റ്റീരിയര്‍ ഡിസൈനില്‍ മാറ്റം വരുത്തിയാണ് സ്‌പോര്‍ട്ട് എഡിഷന്‍ എത്തുന്നത്. ഇത് തെളിയിക്കുന്ന പരീക്ഷണയോട്ട ചിത്രങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നു. ഗ്രില്ല്, ഫെന്‍ഡര്‍ വെന്റ്, മുന്നിലേയും പിന്നിലേയും ബംമ്പര്‍, റിയര്‍വ്യൂ മിറര്‍, അലോയി വീല്‍, റൂഫ് റെയില്‍, ഫുട്ട് ബോര്‍ഡ്, ടെയ്ല്‍ ഗേറ്റ് എന്നിവയില്‍ ബ്ലാക്ക് ആവരണം നല്‍കിയാണ് മാറ്റം വരുത്തിയിട്ടുള്ളത്.
ഇതിനൊപ്പം ഡോറുകളിലും ടെയ്ല്‍ ഗേറ്റിലും സ്‌പോര്‍ട്ട് ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്. അകത്തളം റെഗുലര്‍ മോഡല്‍ ടൈറ്റാനിയം പ്ലസിന് സമാനമാണെന്നാണ് മുമ്പ് പുറത്തുവന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. പനോരമിക് സണ്‍റൂഫ്, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൂന്ന് ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള ഡാഷ്‌ബോര്‍ഡ്, തുടങ്ങിയവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍.
അടുത്തിടെയാണ് ഫോര്‍ഡ് എന്‍ഡേവര്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറിയത്. ഈ എന്‍ജിന്‍ തന്നെയാണ് സ്‌പോര്‍ട്ട് എഡിഷനിലും നല്‍കുക. 170 പിഎസ് പവറും 420 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്ററാണ് എന്‍ഡേവറിന്റെ ഹൃദയം. പത്ത് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്‍സ്മിഷന്‍. ഡ്രൈവ് മോഡുകളെ പറ്റിയുള്ള വിവരം ലഭ്യമല്ല.
Content Highlights: Ford Endeavour Sport Edition Teaser Released
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..