
Image Courtesy: www.behance.net
അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോര്‍ഡിന്റെ ഐതിഹാസിക മോഡലായ ബ്രോന്‍കോ അടുത്തിടെ തിരിച്ചെത്തിയിരുന്നു. അധികം കണ്ട് പഴകിയിട്ടില്ലാത്ത ഡിസൈനാണ് ബ്രോന്‍കോയുടെ ഹൈലൈറ്റ്. ഇതേ ഡിസൈന്‍ പിന്തുടര്ന്ന് കൂടുതല്‍ വാഹനങ്ങള്‍ എത്തുമെന്നും ഫോര്‍ഡ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ആദ്യം ഈ ഡിസൈന്‍ നല്‍കുന്നത് ഇക്കോസ്പോര്‍ട്ടിന് ആയിരിക്കുമെന്നാണ് സൂചന.
ബ്രോന്‍കോ വാഹനനിരയിലെ ഏറ്റവും കുഞ്ഞന്‍ മോഡല്‍ ബ്രോന്‍കോ സ്പോട്ടാണ്. ഈ വാഹനത്തിന് താഴെ നില്ക്കുന്ന മോഡലായാണ് ഇക്കോസ്പോര്‍ട്ട് എത്തുക. നിലവിലെ ഇക്കോസ്പോര്‍ട്ടിന് അടിസ്ഥാനമൊരുക്കുന്ന ബി പ്ലാറ്റ്ഫോമിലായിരിക്കും പുതിയ പതിപ്പും ഒരുങ്ങുക. 2021-22 ഓടെ നിരത്തുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡല്‍ നിലവിലെ ഇക്കോസ്പോട്ടിനെക്കാള് വമ്പനായിരിക്കും.
ബ്രോന്‍കോ മാതൃകയിലെത്തുന്ന ഇക്കോസ്പോര്‍ട്ടിന്റെ മാതൃകാ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബ്രോന്‍കോ സ്പോട്ടിന് സമാനമായ മുഖഭാവമാണ് ഇതിലുമുള്ളത്. വലിയ എല്‍ഇഡി ഹെഡ്ലൈറ്റ്, അര്ഥവൃത്താകൃതിയിലുള്ള ഡിആര്‍എല്‍, ഇക്കോസ്പോട്ട് എന്ന് അലേഖനം ചെയ്തിരിക്കുന്ന ഗ്രില്ല്, നീളത്തിലുള്ള ഫോഗ് ലാമ്പ്, ക്ലാഡിങ്ങുകള്‍ നല്‍കിയുള്ള വലിയ ബംമ്പര്‍ എന്നിവയാണ് ഈ വാഹനത്തിന്റെ മുന്നിലുമുള്ളതും.
ഓഫ് റോഡ് വാഹനങ്ങള്‍ക്ക് സമാനമായി ഫ്ളാറ്റ് ആയിട്ടുള്ള പിന്‍ഭാഗമാണ് ഈ വാഹനത്തിലുള്ളത്. ബോഡിയിലേക്ക് കയറി നില്ക്കുന്ന ടെയ്ല്‍ലാമ്പ്, ബ്ലാക്ക് പ്ലാസ്റ്റിക്കില്‍ തീര്‍ത്തിരിക്കുന്ന ബംമ്പര്‍, ഹാച്ച്ഡോറില്‍ മുഴുവല്‍ നീളുന്ന ഇക്കോസ്പോര്‍ട്ട് ബാഡ്ജിങ്ങ് എന്നിവയാണ് മാതൃക ചിത്രത്തില്‍ നല്‍കിയിട്ടുള്ളത്. വലിയ അലോയി വീലുകളും ബ്ലാക്ക് ഫിനീഷിങ്ങ് പില്ലാറുകളും വശങ്ങളുടെ പ്രത്യേകതയാണ്.
ഇന്ത്യന്‍ നിരത്തുകള്ക്കുള്ള വരും തലമുറ ഇക്കോസ്പോട്ട് ഒരുക്കുന്നത് ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടിലായിരിക്കും. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ എന്ജിന് ശ്രേണിയിലെ 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടി-ജിടിഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഇതില്‍ പ്രവര്‍ത്തിക്കുക. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് ട്രാന്സ്മിഷനുകളില് ഇത് എത്തിയേക്കും.
Content Highlights: Ford EcoSport To Get New Design Like Bronco SUV
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..