ഫോര്‍ഡിന്റെ ബെസ്റ്റ് സെല്ലിങ് കോംപാക്ട് എസ്.യു.വി മോഡലായ എക്കോസ്‌പോര്‍ട്ടിന് പുതിയ തണ്ടര്‍ വേരിയന്റ് പുറത്തിറങ്ങി. ടോപ് സ്‌പെക്ക് എക്കോസ്‌പോര്‍ട്ടിന് സമാനമാണ് പുതിയ തണ്ടര്‍. ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രമാണുള്ളത്. ഹെഡ്‌ലാമ്പ് ക്ലസ്റ്ററിലെ ഡാര്‍ക്ക് ഇന്‍സേര്‍ട്ട്‌സ്, ഫോഗ്‌ലാമ്പ് ബെസല്‍, ഗ്രില്‍, മിറര്‍ എന്നിവയില്‍ നല്‍കിയ ബ്ലാക്ക് ട്രീറ്റ്‌മെന്റ് എന്നിവ തണ്ടറിനെ വ്യത്യസ്തമാക്കും. 17 ഇഞ്ച് ബ്ലാക്ക്ഡ് അലോയി വീല്‍, ഡ്യുവല്‍ ടോണ്‍ ബോണറ്റ്, ബ്ലാക്ക്ഡ് റൂഫ്‌, ഡോറിലെ ഡീക്കല്‍സ് എന്നിങ്ങനെ നീളും എക്കോസ്‌പോര്‍ട്ട് തണ്ടറിലെ പുറത്തെ സവിശേഷതകള്‍. 

അകത്തും നിരവധി മാറ്റങ്ങളുണ്ട്. മുന്നിലെ സീറ്റ്, സെന്‍ട്രല്‍ കണ്‍സോള്‍, ഡോര്‍ പാനല്‍, ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവയില്‍ പുതിയ ബ്രൗണ്‍ ഡിസൈന്‍ ഇടംപിടിച്ചു. 9.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയും വാഹനത്തിലുണ്ട്. എക്കോസ്‌പോര്‍ട്ട് തണ്ടര്‍ പെട്രോളിന് 10.18 ലക്ഷം രൂപയും ഡീസലിന് 10.68 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. 121 ബിഎച്ച്പി പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 99 ബിഎച്ച്പി പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് എക്കോസ്‌പോര്‍ട്ട് തണ്ടര്‍ വേരിയന്റിലുള്ളത്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമേ വാഹനം ലഭ്യമാകു. 

ecosport thunder

പുതിയ വേരിയന്റ് എത്തിയതിന് പുറമേ എല്ലാ എക്കോസ്‌പോര്‍ട്ട് വേരിയന്റിന്റെയും വില കമ്പനി കുറച്ചിട്ടുണ്ട്. 14,000 രൂപ മുതല്‍ 57000 രൂപ വരെയാണ് വില കുറച്ചത്‌. പുതുക്കിയ വില പ്രകാരം 7.69 ലക്ഷം മുതല്‍ 11.33 ലക്ഷം രൂപ വരെയാണ് എക്കോസ്‌പോര്‍ട്ടിന്റെ എക്‌സ്‌ഷോറൂം വില. നേരത്തെ ഇത് 7.83 - 11.90 ലക്ഷം രൂപ വരെയായിരുന്നു. പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മാണം വര്‍ധിപ്പിച്ചതാണ് എക്കോസ്‌പോര്‍ട്ടിന്റെ വില കുറയാനുള്ള കാരണം. 

Content Highlights; Ford EccSport Thunder, EcoSport, New EcoSport