ന്ത്യയിലെ കോംപാക്ട് എസ്.യു.വി. ശ്രേണിയുടെ തുടക്ക മോഡലുകളില്‍ ഒന്നായ ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ടിന്റെ എസ്.ഇ. വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ അവതരിച്ചിട്ടുള്ള ഈ വാഹനത്തിന് 10.49 ലക്ഷം രൂപ മുതല്‍ 10.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. റെഗുലര്‍ മോഡലില്‍ നിന്ന് ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയാണ് ഇക്കോസ്‌പോര്‍ട്ടിന്റെ എസ്.ഇ. എഡിഷന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. 

ടെയ്ല്‍ഗേറ്റിലെ സ്‌പെയര്‍ വീലായിരുന്നു ഇക്കോസ്‌പോട്ടിനെ ഈ ശ്രേണയിലെ മറ്റ് വാഹനങ്ങളില്‍ വ്യത്യസ്തമാക്കിയിരുന്നത്. എന്നാല്‍, എസ്.ഇ. എഡിഷനില്‍ ഈ വീല്‍ ടെയ്ല്‍ഗേറ്റില്‍ നിന്ന് നീക്കിയതാണ് പ്രധാന മാറ്റം. അമേരിക്കയിലും യൂറോപ്പിലും ഫോര്‍ഡ് എത്തിച്ചിട്ടുള്ള ഇക്കോസ്‌പോട്ടിന്റെ സമാന ഡിസൈനിലാണ് ഇന്ത്യയിലെ എസ്.ഇ.എഡിഷന്‍ ഒരുങ്ങിയിട്ടുള്ളത്. സ്‌പെയര്‍ വീല്‍ മാറ്റിയതൊഴിച്ചാല്‍ പിന്നില്‍ മറ്റ് പുതുമകള്‍ ഒന്നും വരുത്തിയിട്ടില്ല.

ബോള്‍ഡ് ലുക്കിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 16 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് ഈ വാഹനത്തിലെ മറ്റ് പുതുമകള്‍. ടയര്‍ ഊരാതെ തന്നെ പഞ്ചര്‍ പരിഹരിക്കാന്‍ സാധിക്കുന്ന ഈസി ടു യൂസ് പഞ്ചര്‍ കിറ്റാണ് ഈ വാഹനത്തിലെ പ്രധാന ഫീച്ചര്‍. ഇക്കോസ്‌പോര്‍ട്ടിന്റെ ടൈറ്റാനിയം വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് എസ്.ഇ. പതിപ്പ് ഒരുങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ റെഗുലര്‍ മോഡലിലെ എല്ലാ ഫീച്ചറുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

ഫോര്‍ഡ് പാസ് വണ്‍ സ്റ്റോപ്പ് സ്മാര്‍ട്ട് ഫോണ്‍ ആപ്പാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. വാഹനം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് ഈ ഫീച്ചര്‍ നല്‍കിയിട്ടുള്ളത്. ഫോര്‍ഡ് പാസിന്റെ സഹായത്തോടെ ഫോണ്‍ ഉപയോഗിച്ച് വാഹനം സ്റ്റാര്‍ട്ടാക്കാനും ഓഫ് ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള ഫോര്‍ഡിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. 

1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 122 പി.എസ്. പവറും 149 എന്‍.എം.ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 100 പി.എസ്. പവറും 215 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് എസ്.ഇ. വേരിയന്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. നിരവധി സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: Ford EcoSport SE Variant Launched In India