ന്ത്യൻ വാഹനമേഖലയിൽ അതിവേഗം വളരുന്ന ഒന്നാണ് കോംപാക്ട് എസ്യുവി ശ്രേണി. ഈ വിഭാഗത്തെ ഇന്ത്യയിൽ ഏറ്റവുമധികം ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള വാഹനങ്ങളിൽ ഒന്നാണ് ഫോർഡിന്റെ ഇക്കോസ്പോട്ട്. 2012-ലെ ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച് തൊട്ടടുത്ത വർഷം തന്നെ നിരത്തുകളിലെത്തിയ ഈ വാഹനം ഏഴാം വയസിന്റെ നിറവിലാണ്.

ഫോർഡിന്റെ ഹാച്ച്ബാക്ക് മോഡലായ ഫിഗോ നിരത്തുകളിൽ നിറഞ്ഞുനിൽക്കുന്ന കാലയളവിലാണ് ഇക്കോസ്പോട്ടിന്റെ വരവ്. ഫിഗോയിലൂടെ ഫോർഡിനെ അടുത്തറിഞ്ഞ ആളുകൾക്ക് ഇക്കോസ്പോട്ടിനെ സ്വീകരിക്കാൻ യാതൊരു വൈമനസ്യവുമുണ്ടായില്ല. ഇന്ത്യയിലെ വാഹന ഉപയോക്താക്കൾ ഹാച്ച്ബാക്കിൽ നിന്ന് കോംപാക്ട് എസ്യുവിയിലേക്ക് വളരാൻ തുടങ്ങിയതും ഈ വാഹനത്തിലൂടെയാണ്.

അന്നോളം ഫോർഡ് ഇന്ത്യയിലെത്തിച്ചിട്ടുള്ള വാഹനങ്ങളിൽനിന്ന് വ്യത്യസ്തമായ ഡിസൈനിലായിരുന്നു ഇക്കോസ്പോട്ട് എന്ന വാഹനത്തിന്റെ വരവ്. കൂർത്തിരിക്കുന്ന മുൻവശത്ത് വലിയ എയർഡാം വീതി കുറഞ്ഞ ഹെഡ്ലാമ്പുകൾ, ക്രോമിയം വളയത്തിനുള്ളിലെ ഫോഗ്ലാമ്പ്, ഡ്യുവൽ ടോൺ ബംമ്പർ, ഹാച്ച്ഡോറിലെ സ്റ്റെപ്പിനി ടയർ തുടങ്ങി തികച്ചും പുതുമയുള്ളതായിരുന്നു ഇക്കോസ്പോട്ടിന്റെ ഡിസൈൻ.

ഫോർഡിന്റെ രണ്ടാം തലമുറ വാഹനമാണ് ഇന്ത്യയിൽ എത്തുന്നത്. 2003 മുതൽ ബ്രസീലിലെ നിരത്തുകളിലെ സാന്നിധ്യമായിരുന്ന ഈ വാഹനം 2012-ൽ ഡിസൈൻ ഉടച്ചുവാർത്ത് വീണ്ടുമെത്തുകയായിരുന്നു. ഫോർഡ് ഫിയസ്റ്റയ്ക്ക് അടിസ്ഥാനമൊരുക്കുന്ന ബി2ഇ പ്ലാറ്റ്ഫോമിലാണ് രണ്ടാം തലമുറ ഇക്കോസ്പോട്ട് ഒരുങ്ങിയത്. 2013-ൽ ഇന്ത്യയുലും ചൈനയിലും ഒരുമിച്ചാണ് ഈ വാഹനമെത്തിയത്.

2013-ൽ ഇന്ത്യയിലെത്തിയ ഇക്കോസ്പോർട്ട് 2015 ആയപ്പോഴേക്കും രണ്ട് ലക്ഷം യൂണിറ്റാണ് നിരത്തുകളിലെത്തിച്ചത്. ഇന്ത്യയിൽ നിർമിക്കുന്ന ഇക്കോസ്പോർട്ട് 40-ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഫോർഡിന്റെ സ്വന്തം രാജ്യമായി അമേരിക്കയിലേക്ക് 2016 മുതൽ ഇന്ത്യയിൽ നിർമിച്ച് ഇക്കോസ്പോർട്ട് എത്തിച്ചുതുടങ്ങിയിട്ടുണ്ട്.

മാരുതി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്യുവി 300, ഹ്യുണ്ടായി വെന്യു തുടങ്ങി ഇന്ത്യൻ നിരത്തുകളിൽ ഇക്കോസ്പോർട്ടിന് എതിരാളികൾ ഉയർന്നതോടെ 2018-ൽ ഈ വാഹനം മുഖം മിനുക്കലിന് തയാറായിരുന്നു. പുതിയ മോഡലിന് സ്വീകാര്യത ലഭിച്ചതോടെ ഇന്ത്യയിലെ കോംപാക്ട് എസ്യുവി വിപണിയിൽ ശക്തമായ മത്സരത്തിന് വഴിയൊരുക്കുകയാണ് ഫോർഡ് ഇക്കോസ്പോർട്ട്.

Content Highlights:Ford Ecosport Complete Seven Years In India