രു പതിറ്റാണ്ടിനുള്ളില്‍ ലോകത്താകമാനമുള്ള വാഹനമേഖല പൂര്‍ണമായും വൈദ്യുതിയിലേക്ക് മാറാനുള്ള നീക്കങ്ങളാണ് എല്ലാ വാഹന നിര്‍മാതാക്കളും നടത്തുന്നത്. ഇതിന്റെ ഭാഗമായി ലോകത്താകമാനമുള്ള ആഡംബര വാഹന നിര്‍മാതാക്കള്‍ ഉള്‍പ്പെടെ ഒരു സമയപരിധി നിശ്ചയിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് ഫോര്‍ഡ്.

ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം കാര്യക്ഷമമാക്കുന്നതിന് മുന്നോടിയായി രണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ പ്ലാറ്റ്‌ഫോം നിര്‍മിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്വന്തമായി ഇ.വി. പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നത്. 2025-ഓടെ ഈ പ്ലാറ്റ്‌ഫോമുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് ഫോര്‍ഡ് പ്രതീക്ഷിക്കുന്നത്. 

ഇലക്ട്രിക് ട്രക്കുകള്‍ക്കും വലിയ എസ്.യു.വികള്‍ക്കുമായാണ് ഒരു പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നത്. രണ്ടാമത്തേത് സാധാരണ പാസഞ്ചര്‍ കാറുകള്‍ക്കും ചെറിയ എസ്.യു.വികള്‍ക്കുമായി നിര്‍മിക്കുമെന്നാണ് വിലയിരുത്തലുകള്‍. പുതിയ പ്ലാറ്റ്‌ഫോമുകളുടെ നിര്‍മാണത്തിന് ശേഷം ഒമ്പത് ഇലക്ട്രിക് കാറുകള്‍ വിപണിയില്‍ എത്തിക്കാനാണ് ഫോര്‍ഡ് പദ്ധതി ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് കൃത്യമായ സമയം വെളിപ്പെടുത്തിയിട്ടില്ല.

ഫോര്‍ഡ് വികസിപ്പിക്കുന്ന ഈ രണ്ട് പ്ലാറ്റ്‌ഫോമുകളും കമ്പനിയുടെ ഇലക്ട്രിക് വാഹനം ഉത്പാദിപ്പിക്കുന്നതിനുള്ള ചിലവ് കുറയ്ക്കുമെന്നാണ് കണക്കാക്കുന്നത്. ഒരേ പ്ലാറ്റ്‌ഫോമില്‍ തന്നെ പല മോഡലുകളും നിര്‍മിക്കാന്‍ സാധിക്കുമെന്നതാണ് ഫോര്‍ഡ് നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനൊപ്പം ബാറ്ററികള്‍, ഇലക്ട്രിക് മോട്ടോറുകള്‍ എന്നിവ പങ്കിടുന്നതും വാഹനത്തിന്റെ ചിലവ് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പാസഞ്ചര്‍ കാറുകള്‍, എസ്.യു.വികള്‍, മൂന്ന് ഇലക്ട്രിക് ട്രക്ക്, വാന്‍, വലിയ എസ്.യു.വി. എന്നിവ ഉള്‍പ്പെടെ ഒമ്പത് വാഹനങ്ങളുടെ നിര്‍മാണമാണ് ഇപ്പോള്‍ ഫോര്‍ഡിന്റെ പദ്ധതിയിലുള്ളത്. എന്നാല്‍, വൈദ്യുത വാഹന പദ്ധതിയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഫോര്‍ഡ് പുറത്തുവിട്ടിട്ടില്ല. ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഏറെ വൈകാതെ ഉണ്ടാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Source: Reuters

Content Highlights: Ford Developing Two Dedicative Electric Vehicle Platform bt 2025