മേരിക്കന്‍ കാര്‍ കമ്പനിയായ ഫോര്‍ഡ് ഇന്ത്യയില്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന തുടരും. ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയില്ലെന്ന് 'ഫോര്‍ഡ് ഇന്ത്യ' എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വിനയ് റെയ്ന പറഞ്ഞു.

2020 ഏപ്രില്‍ ഒന്നിന് മുമ്പായി തന്നെ ഭാരത് സ്റ്റേജ് 6 (ബി.എസ്-6) മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്ന ഡീസല്‍ എന്‍ജിനിലേക്ക് തങ്ങളുടെ വാഹനങ്ങള്‍ മാറ്റും. ഉപഭോക്താക്കള്‍ക്ക് ആവശ്യമായത് തിരഞ്ഞെടുക്കാനുള്ള അവസരം തുടരാന്‍ ഇതിലൂടെ സാധിക്കും.

2020 ഏപ്രില്‍ ഒന്നോടെ, രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ബി.എസ്-6 മാനദണ്ഡങ്ങള്‍ പാലിക്കുന്നവയായിരിക്കണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനു വേണ്ടിയാണ് ബി.എസ്-6 നിര്‍ബന്ധമാക്കുന്നത്. 

ബി.എസ്-6 മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ചെലവ് കൂടുതലാണ്. വിലയില്‍ 10 ശതമാനം വരെ വര്‍ധന ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ മാരുതി സുസുകി ഡീസല്‍ കാറുകളുടെ വില്‍പ്പന 2020 ഏപ്രില്‍ ഒന്നോടെ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്ത് ഇന്ധന സബ്സിഡി എടുത്തുകളഞ്ഞതോടെ, ഡീസലും പെട്രോളും തമ്മിലുള്ള വിലവ്യത്യാസം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. ഇതിനിടയിലും ഡീസല്‍ മോഡലുകളുടെ വില്‍പ്പനയില്‍ കുറവുണ്ടായിട്ടില്ലെന്നും ഇതേ സാഹചര്യം 2020-ന് അപ്പുറത്തേക്കും തുടരുമെന്നും വിനയ് റെയ്ന പറഞ്ഞു.

ഡീസല്‍ വാഹനത്തിന്റെ വില്‍പ്പന കുറഞ്ഞാല്‍ അതിനെ നേരിടുന്നതിനായി കമ്പനി ആദ്യമായി സി.എന്‍.ജി. വാഹനം പുറത്തിറക്കിയിട്ടുണ്ട്. ഫോര്‍ഡ് ആസ്പയറിലാണ് സി.എന്‍.ജി. പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്.

Content Highlights: Ford Continue Diesel Car Sale