ഫോര്‍ഡ് ഇന്ത്യ വിപണിയില്‍ എത്തിച്ചിട്ടുള്ള ഹാച്ച്ബാക്ക് മോഡലായ ഫിഗോയില്‍ അടുത്തിടെയാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയത്. ഇതിനുപിന്നാലെ ഫിഗോയെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള സെഡാന്‍ മോഡലിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്ഥാനംപിടിക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആസ്പയര്‍ വൈകാതെ നിരത്തിലെത്തുമെന്നാണ് വിവരം.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലെത്തിയ ആസ്പയറില്‍ മുമ്പ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും നല്‍കിയിരുന്നു. എന്നാല്‍, ഫോര്‍ഡ് ഈ എന്‍ജിന്‍ പിന്‍വലിച്ചതോടെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നീക്കുകയായിരുന്നു. ഇപ്പോള്‍ ഫിഗോയിക്ക് കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് കോംപാക്ട് സെഡാന്‍ വാഹനമായ ആസ്പയറിലും പ്രവര്‍ത്തിക്കുന്നത്. 

അതുകൊണ്ട് തന്നെ ഫിഗോയില്‍ അടുത്തിടെ സ്ഥാനം പിടിച്ച ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ആയിരിക്കും ആസ്പയറിലും നല്‍കുക. ഫിഗോയിലേതിന് സമാനമായി സ്‌പോര്‍ട്‌സ് മോഡും മാനുവല്‍ ഷിഫ്റ്റ് സംവിധാനവും ഇതില്‍ ഒരുങ്ങിയേക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലാണ് ആസ്പയര്‍ എത്തുന്നത്. 

ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് ആസ്പയര്‍ ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. യഥാക്രമം 7.27 ലക്ഷവും 7.62 ലക്ഷം രൂപയുമാണ് ഈ വാഹനത്തിന്റെ വില. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലിന്, മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലുമായി ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് വില വ്യത്യാസം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

96 പി.എസ്. പവറും 119 എന്‍.എം. ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി. പവറും 215 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലുമാണ് ആസ്പയര്‍ ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. ഇതില്‍ പെട്രോള്‍ എന്‍ജിനൊപ്പമായിരിക്കും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുക. ഡീസല്‍ എന്‍ജിനില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ തുടരും.

Source: CarDekho

Content Highlights: Ford Aspire To Get Automatic Transmission