ന്ത്യയിലെ ഫോര്‍ഡ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, സൗത്ത് ആഫ്രിക്കയിലും ബ്രസീലിലും മാത്രമല്ല ഇവിടെ ഇന്ത്യന്‍ നിരത്തിലും മുഖം മിനുക്കിയെത്തുന്ന ഫോര്‍ഡിന്റെ സെഡാന്‍ ആസ്പയര്‍ അവതരിപ്പിക്കും. ഒക്ടോബര്‍ നാലിന് പുതിയ ആസ്പയര്‍ പുറത്തിറക്കുമെന്നാണ് സൂചന.

പുറംമോടിയില്‍ അല്‍പ്പം മാത്രം മാറ്റംവരുത്തിയാണ് പുതിയ വാഹനം എത്തുന്നത്. പഴയ മോഡലില്‍ നല്‍കിയിട്ടുള്ള ഗ്രില്ലില്‍ കൂടുതല്‍ ക്രോമിയം ആവരണം നല്‍കിയതാണ് പ്രധാനമാറ്റം. ഇതിന് പുറമെ, ഫ്രീസ്റ്റൈലിലെ ബമ്പറിനോട് സാമ്യമുള്ള ബമ്പറും പുതിയ ആസ്പയറില്‍ ഒരക്കിയിട്ടുണ്ട്.

Ford Side

പുതുതായി ഡിസൈന്‍ ചെയ്ത 15 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയി വീലുകള്‍ നല്‍കിയിരിക്കുന്നതും പ്രധാന മാറ്റങ്ങളിലൊന്നാണ്. ഡുവല്‍ ടോണ്‍ നിറക്കിലുള്ള പിന്നിലെ ബമ്പറില്‍ ക്രോമിയം ലൈന്‍ നല്‍കിയിരിക്കുന്നത് പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നു.

ബ്ലാക്ക് കോംബിനേഷനിലാണ് ഇന്റീരിയര്‍ അലങ്കരിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള 6.5 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്‌ലാമ്പ്, റെയിന്‍ സെന്‍സിങ് വൈപ്പര്‍ എന്നിവയാണ് ആസ്പയറിലെ മറ്റ് ഫീച്ചറുകള്‍.

Ford Interior

ശക്തമായ സുരക്ഷാ സംവിധാനവും പുതിയ ആസ്പയറില്‍ ഒരുക്കിയിട്ടുണ്ട്. അടിസ്ഥാന മോഡല്‍ മുതല്‍ എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, ഡുവല്‍ എയര്‍ബാഗ് എന്നിവയാണ് സുരക്ഷ ഉറപ്പാക്കുന്നത്.

1.5 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ പുതിയ ആസ്പയര്‍ എത്തുന്നുണ്ട്. ഇതിന് പുറമെ, മുമ്പുണ്ടായിരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലുകളും വിപണിയിലെത്തും. 

Ford Back

മാരുതി ഡിസയര്‍, ഹോണ്ട അമേസ്, ഹ്യുണ്ടായി എക്‌സെന്റ്, ഫോക്‌സ്‌വാഗണ്‍ അമിയോ എന്നീ വാഹനങ്ങള്‍ എതിരാളികളായ ആസ്പയറിന് 5.81 ലക്ഷം മുതല്‍ 8.78 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.