മേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്റെ സെഡാന്‍ മോഡലായ ആസ്പയറിന്റെ പുതുക്കിയ പതിപ്പ് കേരളത്തിലെ വിപണികളിലുമെത്തി. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളിലാണ് ഇന്നലെ ആസ്പയറിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. 

ഉപയോക്താക്കളുടെ ആവശ്യപ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ആസ്പയര്‍ നിരത്തിലെത്തിക്കുന്നതെന്ന് വാഹനം അവതരിപ്പിച്ച ശേഷം ഫോര്‍ഡ് ഇന്ത്യ, മാനേജിങ് ഡയറക്ടര്‍ അനുരാഗ് മെഹ്രോത്ര അഭിപ്രായപ്പെട്ടിരുന്നു. അകത്തും പുറത്തുമായി നിരവധി മാറ്റങ്ങളുമായാണ് ആസ്പയറിന്റെ രണ്ടാം വരവ്. 

പുതിയ ഗ്രില്ലാണ് മുന്‍വശത്തെ ആകര്‍ഷണം. ബ്ലാക്ക് എന്‍കേസിങ്ങില്‍ നല്‍കിയ ഹെഡ്‌ലാമ്പ്, ബമ്പറിനോട് ഇണങ്ങുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന ഫോഗ്‌ലാമ്പ്, പുതിയ ടെയില്‍ ലാമ്പ്. പ്രീമിയം അലോയ്സ്, വലിയ 15 ഇഞ്ച് ടയറുകള്‍ എന്നിവയാണ് ആസ്പയറിന്റെ പുറംവശത്തെ അലങ്കരിക്കുന്നത്.  

ആം റെസ്റ്റോടു കൂടിയ സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. റിവേഴ്സ് പാര്‍ക്കിങ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, രണ്ട് യു.എസ്.ബി. സ്ലോട്ടുകള്‍, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ്, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ് ലാമ്പ് തുടങ്ങി അത്യാകര്‍ഷകമായ ഫീച്ചറുകളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

സുരക്ഷ ശക്തമാക്കുന്നതിനായി ആസ്പയറിന്റെ എല്ലാ പതിപ്പുകളിലും ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നീ ബ്രേക്കിംങ് സംവിധാനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ടോപ്പ് മോഡലില്‍ ആറ് എയര്‍ബാഗുകള്‍ വരെയുണ്ട്.

പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ഏഴു നിറങ്ങളില്‍ അഞ്ച് വേരിയന്റുകളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പെട്രോളില്‍ 1.2 ലിറ്റര്‍ എന്‍ജിനും ഡീസലില്‍ 1.5 ലിറ്റര്‍ എന്‍ജിനുമാണ് ആസ്പയറില്‍ ഉപയോഗിച്ചിരിക്കുന്നത്. 

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലുമാണ് പുതിയ ആസ്പയറിന്റെ പിറവി. പെട്രോള്‍ എന്‍ജിന്‍ മോഡലിലാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കിയിരിക്കുന്നത്.  5.55 ലക്ഷം രൂപ മുതലാണ് ആസ്പയറിന്റെ കേരളത്തിലെ എക്‌സ്‌ഷോറൂം വില.