വാഹനലോകത്ത് ഏറെ ശ്രദ്ധ നേടിയ പ്രഖ്യാപനമായിരുന്നു ഫോര്‍ഡും മഹീന്ദ്രയും ഒന്നിക്കുന്നുവെന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകളും ഇരുകമ്പനികളും ആരംഭിച്ചിരുന്നു. മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ പുത്തന്‍ വാഹനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന വാഹനപ്രേമികളെ നിരാശരാക്കി ഈ തീരുമാനത്തില്‍നിന്നു ഇരുകമ്പനികളും പിന്‍മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

2017-ല്‍ പ്രഖ്യാപിക്കുകയും 2019 ഒക്ടോബറില്‍ ഇരുകമ്പനികളും തമ്മില്‍ കരാറിലെത്തുകയുമായിരുന്നു. ഒരു വര്‍ഷത്തിലധികമായി ഇത് സംബന്ധിച്ച ചര്‍ച്ചകളിലായിരുന്നു ഫോര്‍ഡും മഹീന്ദ്രയും. എന്നാല്‍, ഡിസംബര്‍ 31-ഓടെ ഇരുകമ്പനികളും തമ്മിലുണ്ടായിരുന്ന കരാറിന്റെ കാലാവധി അവസാനിച്ചു. ഇതോടെയാണ് ഈ കൂട്ടുകെട്ട് സംഭവിക്കില്ലെന്ന് ഉറപ്പാകുന്നത്.

കരാര്‍ അനുസരിച്ച് ഫോര്‍ഡിന്റെ സാങ്കേതികവിദ്യകള്‍ മഹീന്ദ്രയുമായി പങ്കുവയ്ക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ ആരംഭിക്കുന്ന പുതിയ കമ്പനിയില്‍ 51 ശതമാനം ഓഹരി മഹീന്ദ്രയ്ക്കും 49 ശതമാനം ഫോര്‍ഡിനുമായിരിക്കും എന്നായിരുന്നു ഇരുകമ്പനികളും തമ്മിലുള്ള ധാരണ. ഫോര്‍ഡിന്റെ ആസ്തികളും ജീവനക്കാരും പുതിയ കമ്പനിയുടെ ഭാഗമാകുമെന്നും സൂചനയുണ്ടായിരുന്നു. 

മഹീന്ദ്രയ്ക്ക് ഇന്ത്യയിലുടനീളം വലിയ വില്‍പ്പന ശൃംഖലയാണുള്ളത്. ഇത് പ്രയോജനപ്പെടുത്തി വില്‍പ്പന വര്‍ധിപ്പിക്കുകയായിരുന്നു ഫോര്‍ഡിന്റെ ലക്ഷ്യം. ആഗോളതലത്തില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനിയാണെങ്കിലും ഇന്ത്യയില്‍ ഫോര്‍ഡിന് ശക്തമായ സാന്നിധ്യമാകാന്‍ സാധിച്ചിരുന്നില്ല.

Content Highlights: Ford And Mahindra Withdraw Joint Venture Agreement