കൂടുതല്‍ കരുത്തരായ എസ്‌യുവികളും ഇലക്ട്രിക് കാറുകളും പുറത്തിറക്കുന്നതിനായാണ് ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്രയും അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡും സഹകരണം പ്രഖ്യാപിച്ചത്. ഈ കൂട്ടുകെട്ടില്‍ ആദ്യപ്രഹരം ഏൽക്കുന്നത് ഹ്യുണ്ടായി ക്രെറ്റയ്ക്കാണ്.

മഹീന്ദ്രയുടെ എക്‌സ്‌യുവി 300 പുറത്തിറങ്ങിയാലുടന്‍ പുതിയ വാഹനത്തിലേക്ക് തിരിയുമെന്നാണ് റിപ്പോര്‍ട്ട്. എതിരാളികളാകുന്ന ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്‌സ് തുടങ്ങിയ മോഡലുകളെക്കാള്‍ വലിപ്പവും സൗകര്യവും കൂടിയതായിരിക്കും ഈ വാഹനമെന്നാണ് റിപ്പോര്‍ട്ട്.

എക്‌സ്‌യുവി 300-ന് അടിസ്ഥാനമൊരുക്കുന്ന എക്‌സ്-100 പ്ലാറ്റ്‌ഫോമില്‍ തന്നെയായിരിക്കും ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടിലുള്ള എസ്‌യുവിയും പുറത്തിറങ്ങുക. എന്നാല്‍, കാഴ്ചയില്‍ മഹീന്ദ്രയുടെ വാഹനങ്ങളില്‍ നല്‍കുന്ന ഡിസൈനില്‍ നിന്നു തികച്ചും വ്യത്യസ്തമായിരിക്കുമെന്നുമാണ് സൂചന.

പ്ലാറ്റ്‌ഫോമിന് പുറമെ, സാങ്കേതികവിദ്യയും എന്‍ജിനും മഹീന്ദ്ര ഫോര്‍ഡുമായി പങ്കുവയ്ക്കും. ഫോര്‍ഡിന്റെ പല മോഡലുകളിലും മഹീന്ദ്രയുടെ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

മഹീന്ദ്ര പുതുതായി 1.2 ലിറ്റര്‍, 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകള്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ 1.2 ലിറ്റര്‍ എന്‍ജിനായിരിക്കും എക്‌സ്‌യുവി 300-ല്‍ നല്‍കുക. അടുത്ത വര്‍ഷം പുറത്തിറക്കുമെന്ന് അറിയിച്ച പുതുതലമുറ എക്‌സ്‌യുവി 500-ല്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമെത്തും.

Content Highlights: Ford and Mahindra to jointly develop Hyundai Creta rival