ഹീന്ദ്രയുടെ ഥാറിന് ശക്തമായ എതിരാളിയാകാന്‍ പോകുന്ന വാഹനമാണ് ഫോഴ്‌സിന്റെ ഗുര്‍ഖ എസ്.യു.വി. പുതുതലമുറ ഥാറിനൊപ്പം തന്നെ നിരത്തുകളില്‍ എത്താനൊരുങ്ങിയ വാഹനമായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വരവ് നീണ്ടുപോകുകയായിരുന്നു. വാഹനപ്രേമികള്‍ക്ക് വീണ്ടും കാത്തിരിപ്പ് സമ്മാനിക്കാതെ നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ് ഈ വാഹനം. വരവടുത്തെന്ന് സൂചന നല്‍കുന്ന ടീസറുകള്‍ ഫോഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്.

2008-മുതല്‍ ഗുര്‍ഖ എന്ന നെയിം പ്ലേറ്റ് ഉണ്ടെങ്കിലും 2017-ലെ മുഖം മിനുക്കലിനെ തുടര്‍ന്നാണ്  വാഹനം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. തലയെടുപ്പുള്ള രൂപം തന്നെയാണ് ഈ വാഹനത്തെ ശ്രദ്ധേയമാക്കിയത്. 2019 വരെ ഈ വാഹനം നിരത്തുകളില്‍ സജീവമായിരുന്നു. ഗുര്‍ഖയുടെ പുതിയ മോഡല്‍ 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഈ മോഡല്‍ നിരത്തുകളില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വരവ് നീളുകയായിരുന്നു.

തവണ ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുവഴി പുതിയ ഗുര്‍ഖയുടെ പുറംമോടിയും അകത്തളവും ഒരോ വാഹനപ്രേമിക്കും മനപാഠമാണ്. ഗുര്‍ഖയുടെ മുഖമുദ്രയായ റഫ് ലുക്ക് പുതിയ മോഡലിലുമുണ്ട്. റൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡി.ആര്‍.എല്‍, മെഴ്സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍, പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബംബര്‍ എന്നിവയാണ് മുഖഭാവത്തില്‍ വരുത്തിയ പുതുമ. 

Force Gurkha

പുറം കാഴ്ചയില്‍ ഗുര്‍ഖ അല്‍പ്പം പരുക്കനാണെങ്കിലും അകത്തളം വളരെ ക്യൂട്ടാണെന്നാണ് മുമ്പ് പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. സ്‌റ്റൈലിഷായി ഒരുങ്ങിയ ഡാഷ്ബോര്‍ഡ്, ക്രോമിയം ബ്ലാക്ക് റിങ്ങ് നല്‍കിയ റൗണ്ട് എ.സി. വെന്റുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡിജിറ്റല്‍ സ്‌ക്രീന്‍, മുന്‍ മോഡലില്‍ നിന്ന് പറിച്ചുനട്ട സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് അകത്തളത്തെ ആകര്‍ഷകമാക്കുന്നത്. 

മെഴ്‌സിഡസില്‍നിന്ന് കടമെടുത്ത 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് നിരത്തുകളിലുള്ള ഗുര്‍ഖയ്ക്ക് കരുത്തേകുന്നത്. ഈ എന്‍ജിന്‍ ബി.എസ്.6 വകഭേദമായിരിക്കും പുതിയ മോഡലില്‍ പ്രവര്‍ത്തിക്കുകയെന്നാണ് വിവരം. 90 ബി.എച്ച്.പി. പവറും 260 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന കരുത്ത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങളുമായാണ് ഗുര്‍ഖ എത്തുകയെന്നാണ് വിവരം.

Content Highlights; Force Gurkha Teaser Released; Launch Soon