2020 ഒക്ടോബര്‍ രണ്ടിന് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍ ഇറങ്ങിയപ്പോള്‍ മുതല്‍ വാഹന പ്രേമികള്‍ കാത്തിരിക്കുന്ന ഒരു വാഹനമുണ്ട്. ഥാറിന് ഒത്ത എതിരാളിയും ഓഫ് റോഡുകളിലെ സമാനതകളില്ലാത്ത കരുത്തുമായ ഫോഴ്‌സിന്റെ ഗുര്‍ഖയാണ് അത്. 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയ പുതുതലമുറ ഗുര്‍ഖയുടെ വരവടുത്തെന്ന സൂചന നല്‍കി വീണ്ടും പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മൂടിക്കെട്ടലുകള്‍ ഒന്നും മില്ലാതെയുള്ള ചിത്രമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ മീഡിയകളില്‍ നിറയുന്നത്. ഗുര്‍ഖയുടെ നിര്‍മാണം പൂര്‍ത്തിയായ ശേഷമുള്ള പരീക്ഷണമാണെന്നാണ് വിലയിരുത്തലുകള്‍. മഹീന്ദ്ര ഥാര്‍ എത്തിയതിനൊപ്പം കഴിഞ്ഞ ഉത്സവ സീസണില്‍ തന്നെ വിപണിയില്‍ എത്താനൊരുങ്ങിയ വാഹനമാണ് ഗുര്‍ഖയും. എന്നാല്‍, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരവ് നീളുകയായിരുന്നു.

എക്സ്റ്റീരിയറിലെ പരുക്കന്‍ ഭാവം തന്നെയാണ് പുതുതലമുറ ഗുര്‍ഖയുടെയും മുഖമുദ്ര. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡി.ആര്‍.എല്‍, മെഴ്സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍, പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബംബര്‍ എന്നിവയാണ് മുഖഭാവത്തില്‍ വരുത്തിയ പുതുമ. 

എക്സ്റ്റിരിയറില്‍ നിന്ന് വിപരീതമായി വളരെ ക്യൂട്ട് ഭാവമുള്ള അകത്തളമാണ് ഗുര്‍ഖയിലുള്ളത്. സ്‌റ്റൈലിഷായി ഒരുങ്ങിയ ഡാഷ്ബോര്‍ഡ്, ക്രോമിയം ബ്ലാക്ക് റിങ്ങ് നല്‍കിയ റൗണ്ട് എ.സി.വെന്റുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡിജിറ്റല്‍ സ്‌ക്രീന്‍, മുന്‍ മോഡലില്‍ നിന്ന് പറിച്ചുനട്ട സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് അകത്തളത്തെ ആകര്‍ഷകമാക്കുന്നത്. 

നിലവിലെ ഗുര്‍ഖയ്ക്ക് കരുത്തേകുന്ന 2.6 ലിറ്റര്‍ എന്‍ജിന്റെ ബിഎസ്-6 പതിപ്പായിരിക്കും പുതിയ മോഡലിലും നല്‍കുകയെന്നാണ് സൂചന. എന്നാല്‍, മുന്‍തലമുറയിലേതിനെക്കാള്‍ കൂടുതല്‍ കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് വിലയിരുത്തലുകള്‍. 4X4 സംവിധാനത്തിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ആയിരിക്കും ഗുര്‍ഖയില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുക.

Content Highlights: Force Ghurka Off Road SUV Production Model Spotted Testing