മേരിക്കന്‍ കമ്പനിയായ ഫിസ്‌കര്‍ ഓട്ടോമോട്ടീവ് വരാനിരിക്കുന്ന പുതിയ ഇലക്ട്രിക് എസ്.യു.വിയുടെ പേര് പുറത്തുവിട്ടു. ഓഷ്യന്‍ എന്ന പേരിലുള്ള ലക്ഷ്വറി ഇലക്ട്രിക് എസ്.യു.വിയുടെ പ്രൊഡക്ഷന്‍ മോഡല്‍ അടുത്ത വര്‍ഷമാണ് ഫിസ്‌കര്‍ അവതരിപ്പിക്കുക. ഇലക്ട്രിക് വാഹന രംഗത്തെ വമ്പന്‍മാരായ ടെസ്‌ല മോഡല്‍ Y ഇലക്ട്രിക്കിനോട് മത്സരിക്കാനാണ് ഓഷ്യനുമായി ഫിസ്‌കര്‍ എത്തുന്നത്. 

അമേരിക്കയില്‍ ഏകദേശം 40,000 ഡോളര്‍ വില വരുന്ന ഓഷ്യന്റെ നിര്‍മാണം 2021 അവസാനത്തോടെ ആരംഭിക്കും, 2022ഓടെ വിപണിയിലേക്കുമെത്തും. 80kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുണ്ടാവുക. ഒറ്റചാര്‍ജില്‍ 480 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഓഷ്യന് സാധിക്കും. ഫോര്‍ വീല്‍ ഡ്രൈവില്‍ മുന്നിലും പിന്നിലുമായാണ് ഇതിലെ ഇലക്ട്രിക് മോട്ടോറിന്റെ സ്ഥാനം. ഓഷ്യനുള്ള റിസര്‍വേഷന്‍ ആരംഭിക്കുന്നതിനൊപ്പം വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഈ മാസം അവസാനത്തോടെ ഫിസ്‌കര്‍ വ്യക്തമാക്കും.  

fisker
photo courtesy; fisker

റഗുലര്‍ എസ്.യു.വികളുടെ സ്‌പോര്‍ട്ടി രൂപഘടനയിലാണ് ഓഷ്യനും വിപണിയിലേക്കെത്തുന്നത്. തൂതന ഹെഡ്‌ലൈറ്റ് ലൈറ്റ് ഡിസൈന്‍, വ്യത്യസ്തമായ ഗ്രില്‍, മുന്നിലെ വലിയ എയര്‍ ഇന്‍ടേക്ക്, ഓപ്ഷണല്‍ 22 ഇഞ്ച് വീല്‍ എന്നിവ ഓഷ്യനെ വ്യത്യസ്തമാക്കും. അത്യാഡംബരം വാഗ്ദാനം ചെയ്യുന്ന ഇന്റീരിയര്‍ സൗകര്യങ്ങളും വാഹനത്തിലുണ്ടാകും. വലിയ സോളാര്‍ പാനല്‍ റൂഫില്‍ സ്ഥാനം പിടിച്ചു. അധിക ചാര്‍ജിങ്ങിന് ഇത് സഹായിക്കും. മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ പ്രത്യേക വാടക കരാര്‍ രീതിയിലായിരിക്കും ഓഷ്യന്റെ വിപണനം. സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വഴിയായിരിക്കും വാഹനത്തിന്റെ എല്ലാ കാര്യങ്ങളും. ഇതിനുള്ള ആപ്ലിക്കേഷന്‍ വൈകാതെ ഫിസ്‌കര്‍ പുറത്തിറക്കും.

Content Highlights; fisker upcoming electric suv will be called Ocean