രാജമൗലി പുതിയ വാഹനം ഏറ്റുവാങ്ങുന്നു | Photo: Volvo India
ഇന്ത്യന്‍ സിനിമയിലെ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തുന്ന സിനിമകളാണ് രാജമൗലിയുടെ സംവിധാനത്തില്‍ പിറന്നിട്ടുള്ളത്. ബാഹുബലി, ആര്.ആര്.ആര്. തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ ചില ഉദാഹരണങ്ങളാണ്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ആര്.ആര്.ആര് സൂപ്പര്‍ ഹിറ്റായതിന് പിന്നാലെ പുതിയ വാഹനം വീട്ടിലെത്തിച്ചിരിക്കുകയാണ് രാജമൗലി. ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ XC40 എസ്.യു.വിയാണ് രാജമൗലിയുടെ ഗ്യാരേജില്‍ പുതുതായി സ്ഥാനം പിടിച്ചിട്ടുള്ളത്.
വോള്‍വോ ഇന്ത്യയുടെ എന്‍ട്രി ലെവല്‍ വാഹനമായ XC40-ക്ക് 44.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. വോള്‍വോ കാര്‍ ഇന്ത്യയാണ് അദ്ദേഹം പുതിയ വാഹനം സ്വന്തമാക്കിയ വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. വോള്‍വോ കാര്‍ ഇന്ത്യയുടെ കുടുംബത്തിലേക്ക് സംവിധായകന് രാജമൗലിയെ സ്വാഗത ചെയ്യുന്നു, ഏറ്റവും സുരക്ഷിതവും സുഖപ്രദവുമായ യാത്രകള്‍ ആശംസിക്കുന്നു എന്ന കുറിപ്പോടെയാണ് വാഹനം ഏറ്റവാങ്ങുന്നതിന്റെ ചിത്രം വോള്‍വോ പങ്കുവെച്ചിരിക്കുന്നത്.
ടി4 ആര്-ഡിസൈന്‍ എന്ന ഒറ്റ വേരിയന്റില്‍ മാത്രമാണ് ഈ വാഹനം വിപണിയില്‍ എത്തുന്നത്. ഫ്യുഷന് റെഡ് ഫിനീഷിങ്ങിലുള്ള കാറാണ് രാജമൗലി സ്വന്തമാക്കിയിരിക്കുന്നത്. പിയാനോ ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഗ്രില്ല്, സില്‍വര്‍ ഫിനീഷിങ്ങിലുള്ള ലോവര്‍ ലിപ്പ്, എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ഹെഡ്ലൈറ്റും ഡി.ആര്.എല്ലും, അലോയി വീല്‍, എല്‍.ഇ.ഡിയില്‍ തന്നെ ഒരുങ്ങിയിട്ടുള്ള വെര്‍ട്ടിക്കിള്‍ സ്റ്റാക്ക് ടെയ്ല്‍ലാമ്പുകള്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ മോടിപിടിപ്പിക്കുന്നത്.
സോഫ്റ്റ് ടച്ച് ലെതറിലാണ് വോള്‍വോ XC40-ന്റെ ഡാഷ്ബോര്‍ഡ്, സീറ്റ് തുടങ്ങിയവ ഒരുക്കിയിരിക്കുന്നത്. ഡാഷ്ബോര്‍ഡില്‍ പിയാനോ ബ്ലാക്ക് അലുമിനിയം ഇന്‍സേര്‍ട്ടുകളും നല്‍കുന്നുണ്ട്. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 14 സ്പീക്കറുള്ള 600 വാട്ട് ഹര്മന് മ്യൂസിക് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, വയര്‍ലെസ് ചാര്‍ജിങ്ങ്, പനോരമിക് സണ്‍റൂഫ് തുടങ്ങി നിരവധി ഫീച്ചറുകള്‍ വോള്‍വോയുടെ ഈ വാഹനത്തിന്റെ അകത്തളം സമ്പന്നമാക്കും.
2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 187 ബി.എച്ച്.പി. പവറും 300 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഗിയര്‍ട്രോണിക് ട്രാന്‍സ്മിഷനാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഡ്രൈവര്‍ അസിസ്റ്റ്, സ്റ്റിയറിങ്ങ് അസിസ്റ്റ് ഉള്‍പ്പെടെ ആധുനിക സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്. ബി.എം.ഡബ്ല്യു സെവന് സീരീസ്, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ തുടങ്ങിയ ആഡംബര വാഹനങ്ങളാണ് രാജമൗലിയുടെ ഗ്യാരേജിലുള്ളത്.
Content Highlights: Film director SS Rajamouli buys Volvo Xc40 SUV, SS Rajamouli, Volvo XC40
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..