ഹോണ്ടയുടെ ജനപ്രിയ സെഡാന് മോഡലായ സിറ്റിയില്‍ ഇനി കൂടുതല്‍ ഇന്ധനക്ഷമത. മുന്‍തലമുറ മോഡലിനേക്കാള്‍ 33 ശതമാനം അധികം ഇന്ധനക്ഷമത 2020 മോഡല്‍ സിറ്റിയില്‍ ഉണ്ടാകുമെന്നാണ് സൂചന. ആഗോളതലത്തില്‍ നവംബര്‍ 25-ന് ഈ വാഹനം എത്തുമെന്നാണ് സൂചന.
ബാങ്കോക്ക് ഓട്ടോഷോയുടെ ഭാഗമായാണ് ആഗോളതലത്തില്‍ ഈ വാഹനം പുറത്തിറക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഈ വര്‍ഷം തന്നെ എത്തുമെങ്കിലും 2020 ഡല്‍ഹി ഓട്ടോ എക്സ്പോയിലായിരിക്കും ഈ വാഹനം ഇന്ത്യയിലെത്തുക.
മുമ്പുണ്ടായിരുന്ന 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനിലും, ഹൈബ്രിഡ് എന്‍ജിനിലും ഇത്തവണ സിറ്റി എത്തുന്നുണ്ട്. ഈ മോഡലുകളിലായിരിക്കും ഇന്ധനക്ഷമത കൂടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുമ്പുണ്ടായിരുന്ന 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നുണ്ട്. ഇതിനുപുറമെയാണ് 120 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ് എന്‍ജിനും എത്തുന്നത്. ആറ് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സുകള്‍ തുടരും.
മെക്കാനിക്കല്‍ മാറ്റങ്ങള്‍ക്ക് പുറമെ, കാഴ്ചയിലും പുതുമയുണ്ട്. ആഡംബരമാണ് എക്സറ്റീരിയറിന്റെ ഭാവം. ഫ്രണ്ട് ബംമ്പറിന്റെയും ഗ്രില്ലിന്റെയും ഡിസൈനില്‍ മാറ്റമുണ്ട്. ഹോണ്ട സിവിക്കിനോട് സാമ്യമുള്ളതാണ് മുന്‍വശം. എല്‍.ഇ.ഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, എല്‍.ഇ.ഡി ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തെ അലങ്കരിക്കുന്നു.
പുതിയ ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീല്‍, ഡോറിന് ചുറ്റും നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, ഷാര്‍ക്ക് ഫിന് ആന്റിന, പ്രീമിയം കാറുകളോട് കിടപിടിക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പ്, എന്നിവയാണ് എക്സ്റ്റീരിയറിനെ അലങ്കരിക്കുന്ന മറ്റ് ഘടകങ്ങള്‍.
Content Highlights: Fifth Generation Honda City To Deliver 33% More Mileage