നിരത്തുകളിൽ ഇനി ഹോണ്ട സിറ്റി അഞ്ചാം തലമുറയുടെ കാലമാണ്. മുൻ മോഡലുകളെക്കാൾ തലയെടുപ്പും പ്രൗഡിയും സ്വന്തമാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന ഈ അഞ്ചാം തലമുറ സിറ്റിയുടെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചു. ഹോണ്ടയുടെ ഓൺലൈൻ പ്ലാറ്റ്ഫോമായ ഹോണ്ട ഫ്രം ഹോമിലുടേയും അംഗീകൃത ഡീലർഷിപ്പുകളിലുമാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്.

ഹോണ്ടയുടെ നോയിഡയിലെ പ്ലാന്റിൽ സിറ്റിയുടെ നിർമാണം പുരോഗമിക്കുകയാണ്. ജൂലൈ പകുതിയോടെ ഈ വാഹനം നിരത്തുകളിലെത്തി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. നാലാം തലമുറയിൽ നിന്ന് ഡിസൈനിലും സാങ്കേതികവിദ്യയിലും ഏറെ മുന്നേറിയാണ് പുതുതലമുറ എത്തുന്നത്. പ്രീമിയം സെഡാൻ ശ്രേണിയിലെ ഏറ്റവും വലിയ വാഹനമായിരിക്കും പുതിയ സിറ്റി.

ഫുൾ എൽഇഡി ഹെഡ്ലാമ്പ്, ഹോണ്ടയുടെ സിഗ്നേച്ചർ ക്രോമിയം ഗ്രില്ല്, എൽഇഡിയിൽ ഒരുങ്ങിയിട്ടുള്ള ഫോഗ്ലാമ്പ്, ഡ്യുവൽ ടോൺ ഡയമണ്ട് കട്ട് അലോയി വീൽ, ബോൾഡ് ഷോൾഡർ ലൈൻ, പുതിയ ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള എൽഇഡി ടെയ്ൽലാമ്പ്, സ്പോർട്ടി ഭാവമുള്ള റിയർ ബംമ്പർ, ഷാർക്ക് ഫിൻ ആന്റിന എന്നിവയാണ് പുറം ഭാഗത്തിന് മോടികൂട്ടുന്നത്.

അകത്തളത്തിൽ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകൾ സ്ഥാനം പിടിക്കുമെന്നാണ് നിർമാതാക്കളുടെ ഉറപ്പ്. 17.7 സെ.മി വലിപ്പമുള്ള എച്ച്ഡി കളർ ടിഎഫ്ടി മീറ്റർ, പുതിയ ഡിസൈനിലൊരുങ്ങിയിട്ടുള്ള ഡാഷ്ബോഡ്, എട്ട് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, രൂപമാറ്റം വരുത്തിയ എസി വെന്റുകൾ എന്നിവ അകത്തളം ആകർഷകമാക്കും. അലക്സ റിമോട്ട് ഉൾപ്പെടെ കണക്ടഡ് കാർ ഫീച്ചറുകളും സിറ്റിയിലുണ്ട്.

മൂന്ന് വേരിയന്റുകളിൽ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളിൽ വാഹനം ലഭ്യമാകും. ആറ് സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സുകൾ ഇതിൽ ട്രാൻസ്മിഷൻ ഒരുക്കും. പെട്രോൾ മാനുവൽ പതിപ്പിൽ 17.8 കിലോമീറ്ററും സി.വി.ടി. പതിപ്പിൽ 18.4 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു. ഡീസൽ പതിപ്പിന് 24.1 കിലോമീറ്റര്‍ മൈലേജാണുള്ളത്. ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇത്തവണയെത്തിയേക്കും.

Content Highlights:Fifth Generation Honda City Booking Open Will Launch In July