പുതിയ ഫാസ്റ്റ്ബാക്ക് എസ്.യു.വി കണ്‍സെപ്റ്റ് ഫിയറ്റ് അവതരിപ്പിച്ചു. ബ്രസീലില്‍ നടന്നുകൊണ്ടിരിക്കുന്ന 2018 സാവോ പോളോ ഓട്ടോ ഷോയിലാണ് പുതിയ ഫാസ്റ്റ്ബാക്ക് എസ്.യു.വിയെ കമ്പനി പ്രദര്‍ശിപ്പിച്ചത്. ഫിയറ്റിന്റെ ഭാവി വാഹന ഡിസൈനിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്. ആഗോളതലത്തില്‍ ഹ്യുണ്ടായ് ക്രെറ്റ, നിസാന്‍ കിക്ക്‌സ് എന്നിവയ്ക്ക് എതിരാളിയായി ഫാസ്റ്റ്ബാക്കിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രൊഡക്ഷന്‍ മോഡല്‍ എസ്.യു.വി 2020-ഓടെ ഫിയറ്റ് പുറത്തിറക്കുമെന്നാണ് സൂചന.

Fiat Fastback

ഒരു കൂപ്പെ ക്രോസ്ഓവര്‍ രൂപത്തിലാണ് ഫാസ്റ്റ്ബാക്ക് കണ്‍സെപ്റ്റ്. മെറ്റാലിക് സില്‍വര്‍ പെയിന്റ് സ്‌കീമിലാണ് വാഹനം അണിയിച്ചൊരുക്കിയത്. പതിവ് ഫിയറ്റ് വാഹനങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ രൂപം ഇതിന് അവകാശപ്പെടാനുണ്ട്. സാവോ പോളോ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിടിട്ടില്ല. കണ്‍സെപ്റ്റ് മോഡലിന്റെ പുറംമോടിയിലെ ചിത്രങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളു, അകത്തെ ദൃശ്യങ്ങള്‍ക്കായി ഇനിയും കാത്തിരിക്കണം. 

ജീപ്പ് കോംപസ്, റെനഗേഡ്, ടോറോ പിക്കപ്പ് എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഫാസ്റ്റ്ബാക്കിന്റെ നിര്‍മാണമെന്നാണ് സുചന. പുറത്തുവന്ന ആദ്യ ചിത്രങ്ങള്‍ പ്രകാരം വ്യത്യസ്തമായ ഗ്രില്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, സ്‌പോര്‍ട്ടി ബംബര്‍, നേര്‍ത്ത എല്‍ഇഡി ടെയില്‍ ലാമ്പ്, വലിയ ടയര്‍ എന്നിവയാണ് രൂപത്തില്‍ ഫാസ്റ്റ്ബാക്കിന്റെ പ്രധാന സവിശേഷതകള്‍. 

Fiat Fastback

Photo Courtesy; Autocarindia

Content Highlights; Fiat Fastback SUV concept unveiled at Sao Paulo