ഹോണ്ട കാര്‍സ് ഇന്ത്യയിലിറക്കിയ ഏതാനും മോഡലുകള്‍ സര്‍വീസിനായി തിരിച്ചുവിളിക്കുന്നു. ഫ്യുവല്‍ പമ്പിലെ തകരാറിനെ തുടര്‍ന്ന് ഹോണ്ട ബ്രയോ, അമേസ്, സിറ്റി, ജാസ്, ഡബ്ല്യുആര്‍-വി, ബിആര്‍-വി, സിആര്‍-വി എന്നീ ഏഴ് മോഡലുകളെയാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്.

2018-ല്‍ നിര്‍മിച്ച വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളതെന്നാണ് സൂചന. ഈ കാലയളവില്‍ നിര്‍മിച്ച 65,651 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഫ്യുവല്‍ പമ്പിലെ ഇംപെല്ലറിനാണ് പോരായ്മ കണ്ടെത്തിയിട്ടുള്ളത്. ഇത് വാഹനത്തിന്റെ സ്റ്റാര്‍ട്ട്/ സ്റ്റോപ്പ് സംവിധാനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അമേസിന്റെ 32,498 യൂണിറ്റും സിറ്റിയുടെ 16434 യൂണിറ്റും ജാസിന്റെ 7500 യൂണിറ്റും ഡബ്ല്യുആര്‍-വിയുടെ 7057 യൂണിറ്റും ബിആര്‍-വിയുടെ 1622 യൂണിറ്റും ബ്രയോയുടെ 360 യൂണിറ്റും സിആര്‍-വിയുടെ 180 യൂണിറ്റുമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.  

ഈ വാഹനങ്ങള്‍ക്കായി ഇന്ത്യയില്‍ ഉടനീളമുള്ള ഹോണ്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ സൗജന്യമായി സര്‍വീസ് ലഭ്യമാക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ജൂണ്‍ 30 മുതല്‍ വാഹനങ്ങളുടെ പരിശോധന ആരംഭിക്കുമെന്നാണ് ഹോണ്ടയുടെ പ്രസ്തവനയില്‍ പറയുന്നത്. 

തകരാര്‍ കണ്ടെത്തിയ വാഹനങ്ങള്‍ തിരിച്ചറിയുന്നതിനുള്ള സംവിധാനം ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ 17 അക്ക തിരിച്ചറിയല്‍ നമ്പര്‍ വെബ്‌സൈറ്റില്‍ നല്‍കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlights: Faulty Fuel Pump; Honda Recalls Its Seven Models