ന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍ സര്‍വീസിനായി 78,000-ത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. വാഹനങ്ങളുടെ ഫ്യുവല്‍ പമ്പില്‍ കണ്ടെത്തിയ തകരാറിനെ തുടര്‍ന്ന് ഇത് പരിഹരിക്കുന്നതിയാണ് തിരിച്ച് വിളിച്ചിട്ടുള്ളത്. വാഹനങ്ങളിലെ തകരാര്‍ പരിഹരിച്ച് നല്‍കുന്നതിനായി പ്രത്യേക സര്‍വീസ് ക്യാമ്പുകള്‍ ഹോണ്ടയുടെ ഡീലര്‍ഷിപ്പുകളിലും മറ്റും ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. 

2019-നും 2020 മധ്യേ നിര്‍മിച്ചിട്ടുള്ള 77,654 വാഹനങ്ങളില്‍ ഈ തകരാര്‍ ഉണ്ടായേക്കാമെന്നാണ് ഹോണ്ട അറിയിച്ചിട്ടുള്ളത്. പരിശോധനയ്ക്ക് ശേഷം തകരാര്‍ കണ്ടെത്തുകയാണെങ്കില്‍ ഈ വാഹനം സൗജന്യമായി നന്നാക്കി നല്‍കുമെന്നും ഹോണ്ട ഉറപ്പു നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 17-ാം തിയതി മുതല്‍ ഈ വാഹനങ്ങള്‍ പരിശോധനയ്ക്ക് എത്തിക്കാമെന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്. ഈ തകരാര്‍ വാഹനത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ നിര്‍മിച്ച 36,086 അമേസ്, 2019 ജനുവരി മുതല്‍ സെപ്റ്റംബര്‍ മുതല്‍ നിര്‍മിച്ച സിറ്റിയുടെ 20,248 യൂണിറ്റുകള്‍, 2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ നിര്‍മിച്ച 7871 യൂണിറ്റ് ഡബ്ല്യു.ആ-വി, ഇതേ കാലയളവിലുള്ള 6235 ജാസ്, ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ നിര്‍മിച്ച 5170 സിവിക്, ഇതേ കാലയളഴില്‍ നിര്‍മിച്ചിട്ടുള്ള 1737 യൂണിറ്റ് ബി.ആര്‍.വി, 2019 ജനുവരി മുതല്‍ 2020 സെപ്റ്റംബര്‍ വരെ നിര്‍മിച്ച 607 സി.ആര്‍.വിയുമാണ് തിരിച്ച് വിളിക്കുന്നത്. 

ഈ വര്‍ഷം മാര്‍ച്ചില്‍ ഹോണ്ട ആരംഭിച്ച ആഗോള തിരിച്ചുവിളിക്കലിന്റെ ഭാഗമാണ് ഇന്ത്യയിലെ ഈ നടപടിയും. എന്‍ജിന്റെ പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കാവുന്ന ഫ്യുവല്‍ പമ്പിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി ലോകത്താകമാനം 7,61,000 വാഹനങ്ങളാണ് ഹോണ്ട തിരിച്ചുവിളിക്കുന്നത്. ഹോണ്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍നിന്ന് ഉപയോക്താക്കളെ വ്യക്തിപരമായി വിളിച്ച് വാഹനങ്ങള്‍ പരിശോധിക്കണമെന്നും ഹോണ്ട അറിയിച്ചിട്ടുണ്ട്.

Content Highlights: Faulty Fuel Pump; Honda Cars Recall 78,000 Cars In India