ര്‍വേയില്‍ പങ്കെടുക്കൂ, മാരുതി ബലെനോ സ്വന്തമാക്കാനുള്ള അവസരം നേടൂ എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി ഒരു വെബ്‌സൈറ്റ് ലിങ്ക് പ്രചരിക്കുകയാണ്. മാരുതി സുസുക്കിയുടെ നാലപ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കമ്പനി നല്‍കുന്ന ഓഫര്‍ എന്ന പേരിലാണ് വാര്‍ത്ത പരക്കുന്നത്. നിരവധി പേരാണ് വാര്‍ത്ത വിശ്വസിച്ച് സമൂഹമാധ്യമങ്ങളില്‍ ഈ ലിങ്ക് പങ്കുവെച്ചിട്ടുള്ളത്.

അന്വേഷണം

പ്രചരിക്കുന്ന ലിങ്ക് പരിശോധിച്ചതില്‍നിന്ന് ഇത് മാരുതിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റേതല്ല എന്ന് മനസ്സിലാക്കി. മാരുതിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ ഇങ്ങനെ ഒരു ഓഫറിനെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഒന്നും തന്നെ കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള ഒരു ഓഫര്‍ പ്രഖ്യാപിച്ചിട്ടില്ല എന്നറിയാന്‍ സാധിച്ചു. കമ്പനി നല്‍കുന്ന ഓഫറുകളെല്ലാം തന്നെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരസ്യപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെടുന്ന ലിങ്ക് നെറ്റ്ക്റാഫ്റ്റിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ അത് അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു വെബ്‌സൈറ്റ് ആണെന്നും 2021 സെപ്റ്റംബറില്‍ തുടങ്ങിയതാണെന്നും കണ്ടെത്തി. ഒരു വെബ്‌സൈറ്റിന്റെ സുരക്ഷ സൂചിപ്പിക്കുന്ന നെറ്റ്ക്റാഫ്റ്റിന്റെ റിസ്‌ക് റേറ്റിംഗില്‍ 10 /10  എന്ന റേറ്റിംഗാണ് പ്രചരിക്കുന്ന വെബ്സൈറ്റിന് നല്‍കിയിരിക്കുന്നത്. ഇത് ഏറ്റവും ഉയര്‍ന്ന അപകടനിലയെ സൂചിപ്പിക്കുന്ന റേറ്റിംഗാണ്. 

ഒപ്പം, വെബ്‌സൈറ്റ് നെയിം, വെബ്‌സൈറ്റ് ഡിസ്‌ക്രിപ്ഷന്‍, ഡൊമെയ്ന്‍ രജിസ്റ്റര്‍ തുടങ്ങിയ വെബ്‌സൈറ്റിന്റെ ആധികാരികത ഉറപ്പിക്കാന്‍ സാധിക്കുന്ന വിവരങ്ങള്‍ ഒന്നും തന്നെ നെറ്റ് ക്രാഫ്റ്റില്‍ ലഭ്യമല്ല.. വിശ്വാസയോഗ്യവും സുരക്ഷിതവുമായ വെബ്‌സൈറ്റ് ലിങ്കുകള്‍ പരിശോധിച്ചാല്‍  ഇത്തരം അടിസ്ഥാന വിവരങ്ങള്‍ ലഭിക്കുന്നതാണ്. ഇതിലൂടെ പ്രചരിക്കുന്ന ലിങ്ക് വ്യാജമാണെന്ന് പൂര്‍ണമായി ഉറപ്പിച്ചു പറയാന്‍ കഴിയും. ജനങ്ങളുടെ വിവരങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടിയാകാം ഇത്തരത്തില്‍ ഒരു വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ചു പ്രചരിപ്പിക്കുന്നത്.

വാസ്തവം

മാരുതി സുസുക്കി നാല്‍പ്പതാം വാര്‍ഷികവുമായ് ബന്ധപ്പെട്ട് സര്‍വ്വേ നടത്തി സമ്മാനം നല്‍കുന്നില്ല. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയും വെബ്‌സൈറ്റ് ലിങ്കും വ്യാജമാണ്. പ്രചരിക്കുന്ന ലിങ്ക് ഓപ്പണ്‍ ചെയ്ത്, വെബ്‌സൈറ്റ്  ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.

Content Highlights: Fake Offer, Maruti Suzki 40th Anniversary, Maruti Baleno, Fact Check