റേഞ്ച് റോവറിന്റെ കവചിത വാഹനമായ സെന്റിനലിന്റെ പുത്തന്‍ പതിപ്പ് പുറത്തിറങ്ങി. പുതിയതും കരുത്തേറിയതുമായ എന്‍ജിനും ശക്തമായ സുരക്ഷയും ഒരുക്കിയാണ് ലാന്‍ഡ് റോവര്‍ സ്‌പെഷ്യല്‍ വെഹിക്കിള്‍ വിഭാഗം പുതിയ സെന്റിനല്‍ നിരത്തിലെത്തിച്ചിരിക്കുന്നത്. 

കവചിത വാഹനമെന്ന് ഖ്യാതി നല്‍കിയിട്ടുള്ളതിനാല്‍ അല്‍പ്പം കൂടി ശക്തമായ ബോഡിയിലാണ് സെന്റിനലിന്റെ ഈ വരവ്. ബാലിസ്റ്റിക്, ബ്ലാസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് വികസിപ്പിച്ചിട്ടുള്ള സെക്യൂരിറ്റി സെല്ലാണ് ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത.

ഏത് തരത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കാനുതകുന്ന ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്(ഐഇഡി), ഫ്രാഗ്മെന്റേഷന്‍ ബ്ലാസ്റ്റ്‌സ് എന്നിവയടക്കമുള്ള സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ബോഡിയുടെ നിര്‍മാണം  നടത്തിയിട്ടുള്ളത്. 

Sentinel

ഏത് ഭൂപ്രകൃതി താണ്ടുന്നതിനും ആഴമേറിയ ജലപാത മുറിച്ചു കടക്കുന്നതിനുമുള്ള ശേഷിക്കൊപ്പം ഒരു ടയര്‍ പഞ്ചറായാലും 50 കിലോമീറ്ററിലധികം വാഹനം ഓടിക്കുന്നതിനുള്ള റണ്‍-ഫ്‌ളാറ്റ് സംവിധാനവും സെന്റിനലിന്റെ പ്രത്യേകതകളിലൊന്നാണ്.  

സുരക്ഷ ശക്തമാക്കിയതിനൊപ്പം സ്റ്റൈലിലും ഈ വാഹനം ഏറെ മുന്നിലാണ്. ക്യാബിന്‍ സ്‌പേസ്, മുന്‍ മോഡലിനെക്കാള്‍ മികച്ച സീറ്റിംഗ് എന്നിവയും നിലനിര്‍ത്തിയതിനൊപ്പം രണ്ട് 10-ഇഞ്ച് ഹൈറെസല്യൂഷന്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്റീരിയറിലുണ്ട്.

മുമ്പ് സെന്റിനലില്‍ നല്‍കിയിരുന്ന V6 പെട്രോള്‍ എന്‍ജിന് പകരം 5.0 ലിറ്റര്‍ സൂപ്പര്‍ ചാര്‍ജ് V-8 എന്‍ജിനാണ് പുതിയ സെന്റിനലിന് കരുത്ത് പകരുന്നത്. ഇത് 380 പിഎസ് കരുത്താണ് ഉത്പാദിപ്പിക്കുന്നത്. 10.4 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

Content Highlights: Enhanced Protection and Performance For Armoired Range Rover Sentinel