ന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര ഏതാനും വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നതായി റിപ്പോര്‍ട്ട്. മഹീന്ദ്രയുടെ നാസിക് പ്ലാന്റില്‍ നിര്‍മിച്ച ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളാണ് പരിശോധനകള്‍ക്കായി തിരിച്ച് വിളിക്കുന്നതെന്നാണ് വിവരം. എന്‍ജിന്‍ പ്രവര്‍ത്തനങ്ങളില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിലാണ് വാഹനങ്ങള്‍ പരിശോധിക്കാനൊരുങ്ങുന്നത്. 

മലിനമായ ഇന്ധനത്തിന്റെ ഉപയോഗത്തെ തുടര്‍ന്ന് എന്‍ജിന്‍ ഭാഗങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന പരിശോധനയ്ക്കാണ് വാഹനങ്ങള്‍ തിരിച്ച് വിളിച്ചിട്ടുള്ളതെന്നാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിലൂടെ വാഹന നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. ഏതൊക്കെ മോഡലുകളിലാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുള്ളതെന്ന കാര്യം മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല.

2021 ജൂണ്‍ മാസം മുതല്‍ ജൂലൈ രണ്ട് വരെ നിര്‍മിച്ച വാഹനങ്ങളിലാണ് മലിനമായ ഇന്ധനം നിറച്ചിരുന്നതെന്നാണ് സൂചന. ഏകദേശം 600 വാഹനങ്ങളോളമാണ് തിരിച്ച് വിളിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നിലവില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഇപ്പോള്‍ പരിശോധനയ്ക്ക് ഒരുങ്ങുന്നതെന്നും വിവരമുണ്ട്.

തിരിച്ച് വിളിക്കലുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രസ്താവന മഹീന്ദ്ര നടത്തിയിട്ടില്ല. ഈ കാലയളില്‍ നാസിക് പ്ലാന്റില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങളുടെ ഉപയോക്താക്കളെ കമ്പനി പ്രതിനിധികള്‍ നേരിട്ട് ബന്ധപ്പെടുമെന്നാണ് വിവരങ്ങള്‍. മഹീന്ദ്രയുടെ എസ്.യു.വി. മോഡലുകളായ ഥാര്‍, സ്‌കോര്‍പിയോ, ബൊലേറൊ, മാരാസോ, എക്‌സ്.യു.വി.300 തുടങ്ങിയ വാഹനങ്ങളാണ് നാസിക്കിന്റെ പ്ലാന്റില്‍ നിര്‍മിക്കുന്നത്.

Surce: Car and Bike

Content Highlights: Engine Issue; Mahindra Recalls 600 Vehicles