സ്‌ട്രേലിയയിലെ നിരത്തിലോടുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ഇനി ചിരിയും സ്‌നേഹവും ദേഷ്യവുമെല്ലാം പ്രകടമാകും. കാറുകളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ചിരിക്കുന്ന, കരയുന്ന, ഹൃദയാകൃതിയുള്ള തുടങ്ങി വിവിധ മൂഡുകളിലുള്ള ഇമോജി നല്‍കാന്‍ അധികൃതര്‍ അനുമതി നല്‍കി. 

ഓസ്‌ട്രേലിയയിലെ സംസ്ഥാനമായ ക്വീന്‍സ്ലാന്‍ഡിലെ വാഹനങ്ങളിലാണ് ഇമോജി പതിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നമ്പര്‍ പ്ലേറ്റില്‍ ഉള്‍പ്പെടെ നിറങ്ങളും തീമുകളും ലോഗോകളും നല്‍കാന്‍ നിലവില്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിന് പുറമെയാണ് പുതിയ തീരുമാനം.

മാര്‍ച്ച് ആദ്യം മുതലാണ് നമ്പര്‍ പ്ലേറ്റില്‍ ഇമോജി പതിപ്പാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഇഷ്ടമുള്ള സ്‌പോര്‍ട്‌സ് ടീമുകളുടെയും മറ്റും ലോഗോ വാഹനത്തില്‍ നല്‍കുന്നുണ്ട്. അതുപോലെ ഇമോജിയും പതിപ്പിക്കുന്നതില്‍ തെറ്റില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 

വലിയ ട്രാഫിക്കിനിടയില്‍ ഇത് ചെറിയ സന്തോഷത്തിന് ഇടനല്‍കിയേക്കാമെന്നും ഡ്രൈവ് ചെയ്യുമ്പോള്‍ പലര്‍ക്കും ഈ ഇമോജികള്‍ വ്യത്യസ്തമായ അനുഭവങ്ങളായിരിക്കും  സമ്മാനിക്കുകയെന്നും ക്വീന്‍സ്ലാന്‍ഡിലെ റോയല്‍ ഓട്ടോമൊബൈല്‍ ക്ലബ്ബിന്റെ പ്രതിനിധി റബേക്ക മൈക്കേല്‍ പറയുന്നു.

എന്നാല്‍, ഈ തീരുമാനത്തെ എതിര്‍ത്തും പല പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട്. ഇത്തരം ഇമോജികള്‍ ശ്രദ്ധിക്കുന്നതിലൂടെ വാഹനമോടിക്കുമ്പോഴുള്ള ശ്രദ്ധ നഷ്ടപ്പെടുമെന്നാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം.

Content Highlights: Emoji Number plates will soon be available in Australia