പ്രതീകാത്മക ചിത്രം | Photo: Canva
ഡ്രൈവിങ്ങ് സീറ്റില്‍ പുരുഷന്‍മാരും യാത്രക്കാരായി എപ്പോഴും സ്ത്രീകളും എന്ന് ചിന്തിച്ചിരുന്ന കാലം ഏറെ പഴയതല്ല. എന്നാല്‍, പുരുഷന്‍മാര്‍ ഓടിക്കുന്ന ഏത് വാഹനവും ഏറെ ശ്രദ്ധയോടെയും സുരക്ഷയിലും സ്ത്രീകളും കൈകാര്യം ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സ്‌കൂട്ടര്‍ മുതല്‍ ട്രക്കുവരെയുള്ള വാഹനങ്ങള്‍ സ്ത്രീകള്‍ അനായാസം കൈകാര്യം ചെയ്യുമെങ്കിലും ഇലക്ട്രിക് വാഹനങ്ങളെ സ്വീകരിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ താരതമ്യേന പിന്നിലാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പുരുഷന്‍മാരില്‍ വലിയ ഭൂരിപക്ഷം ഇലക്ട്രിക് വാഹനത്തെ അംഗീകരിക്കുമ്പോഴും ഇത്തരം വാഹനങ്ങളുടെ റേഞ്ചും സുരക്ഷയും സംബന്ധിച്ചുള്ള ആശങ്ക സ്ത്രീകളില്‍ അധികമാണെന്നും അതിനാലാണ് ഇലക്ട്രിക് വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ വിമുഖത കാണിക്കുന്നതെന്നുമാണ് എസ് ആന്‍ഡ് പി ഗ്ലോബല്‍ മൊബിലിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലെ വിലയിരുത്തലുകള്‍. ഇലക്ട്രിക് കാറുകള്‍ സ്വന്തമാക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വലിയ കുറവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കല്‍ വാഹന വിപണിയില്‍ എസ് ആന്‍ഡ് പി ഗ്ലോബല്‍ മൊബിലിറ്റി നടത്തിയ പഠനം അനുസരിച്ച് വാഹന ഉടമസ്ഥതയില്‍ 41.2 ശതമാനമാണ് വനിത പ്രാതിനിധ്യം. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുന്ന വനിതകള്‍ കേവലം 28 ശതമാനം മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മറ്റ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്കിടയില്‍ കുറച്ചെങ്കിലും വിശ്വാസ്യത നേടിയെടുക്കാന്‍ സാധിച്ചിട്ടുള്ളത് ടെസ്‌ലയ്ക്കാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെസ്‌ലയുടെ കാര്‍ വാങ്ങുന്ന വനിതാ ഉപയോക്താക്കള്‍ 33.1 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. അതായത് ടെസ്‌ല കാര്‍ വാങ്ങുന്ന 100 പേരില്‍ 33 പേരും വനിതകളാണെന്നാണ് പഠനത്തില്‍ പറയുന്നത്. മറ്റ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ പോള്‍സ്റ്റാറിന്റെ ഉപയോക്താക്കളില്‍ 24.7 ശതമാനമാണ് വനിതകള്‍. ലൂസിഡിന് 19.5 ശതമാനം വനിത ഉപയോക്താക്കളെയാണ് നേടാന്‍ സാധിച്ചിട്ടുള്ളത്. 14.5 ശതമാനമാണ് റിവിയാന്‍ ഇലക്ട്രിക് കാര്‍ സ്വന്തമാക്കിയിട്ടുള്ള വനിത ഉപയോക്താക്കള്‍.
കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നുണ്ട്. എന്നാല്‍, സ്ത്രീകളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രതീക്ഷിക്കുന്ന നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ മൊബിലിറ്റിയുടെ അസോസിയേറ്റ് ഡയറക്ടര്‍ ചെറില്‍ വുഡ്‌വെര്‍ത്ത് അഭിപ്രായപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വനിതകളില്‍ ബോധവത്കരണം നടത്താന്‍ വാഹന നിര്‍മാതാക്കള്‍ക്ക് കഴിയണമെന്നും എസ് ആന്‍ഡ് പി ചീഫ് ഡൈവേഴ്‌സിറ്റി ഓഫീസര്‍ മാര്‍ക്ക് ബ്ലാന്‍ഡും പറയുന്നു.
Source: S and P Global Mobility
Content Highlights: Electric vehicles not able to attract women buyers says S and P Global Mobility Study
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..