ന്ത്യയില്‍ ഇലക്ട്രിക് വാഹന ഭീമന്മാരായ ടെസ്ലയുമായി സഹകരണത്തിന് പദ്ധതിയില്ലെന്ന് ടാറ്റ സണ്‍സ്. ഇതുസംബന്ധിച്ച ഊഹാപോഹങ്ങളെല്ലാം തള്ളി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ടെസ്ലയുമായി ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വൈദ്യുത വാഹന വിപണിയില്‍ ടാറ്റ ഗ്രൂപ്പ് തനിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടാറ്റ മോട്ടോഴ്‌സിന്റെ ബ്രിട്ടീഷ് ഉപകമ്പനിയായ ജഗ്വാര്‍ ലാന്‍ഡ് റോവറിന് വൈദ്യുതവാഹന രംഗത്ത് കൃത്യമായ പദ്ധതികളുണ്ട്. ഇന്ത്യയില്‍ ടാറ്റ മോട്ടോഴ്‌സിന്റെയും ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെയും ഉത്പന്നങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടുപോകുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുറത്തുനിന്നുള്ള പങ്കാളികളുടെ സഹകരണം ആവശ്യമില്ല. ജഗ്വാറിന്റെ എല്ലാ മോഡലുകളും ഇന്ത്യയില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ മോഡലുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തി തുടങ്ങും. ഇതിന്റെ മുന്നോടിയായി ടെസ്‌ല മോട്ടോഴ്‌സ് ഇന്ത്യ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ടെസ്‌ലയുടെ അനുബന്ധ കമ്പനി ബെംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ടെസ്‌ലയുടെ പ്ലാന്റ് സൗത്ത് ഇന്ത്യയില്‍ ആയിരിക്കും ആരംഭിക്കുകയെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ശക്തമായ നിര ഇന്ത്യക്കായി ഒരുക്കാനുള്ള നീക്കത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. നിലവില്‍ ടാറ്റ ടിഗോര്‍ ഇ.വി, നെക്‌സോണ്‍ ഇ.വി. എന്നീ രണ്ട് ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റയില്‍ നിന്ന് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ഇതിനൊപ്പം ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസിന്റെ ഇ.വിയും ഒരുങ്ങുന്നുണ്ട്. ടാറ്റയുടെ അനുബന്ധ കമ്പനിയായ ജഗ്വാറിന്റെ ഐ-പേസ് ഇലക്ട്രിക്കും ഉടന്‍ നിരത്തുകളില്‍ എത്തും.

ടെസ്‌ലയുടെ വാഹനങ്ങള്‍ ഈ വര്‍ഷം മുതല്‍ ഇന്ത്യയില്‍ എത്തി തുടങ്ങുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി സ്ഥിരീകരിച്ചിരുന്നു. ടെസ്‌ലയുടെ മോഡല്‍ 3 എന്ന വാഹനത്തിലൂടെ ആയിരിക്കും ഇന്ത്യന്‍ എന്‍ട്രി എന്നാണ് സൂചന. ആദ്യ ഘട്ടത്തില്‍ വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിക്കുമെങ്കിലും വൈകാതെ പ്രദേശികമായി നിര്‍മിക്കുമെന്നാണ് സൂചന. 55 ലക്ഷം രൂപയായിരിക്കും ഈ വാഹനത്തിന്റെ ഏകദേശ വില.

Source: The Times Of India

Content Highlights: Electric Vehicle; Tata Motors Announce That No Tie-Up With Tesla