ഗോളതലത്തില്‍ വൈദ്യുത കാറുകളുടെ വില്പന കഴിഞ്ഞ വര്‍ഷം 41 ശതമാനം വര്‍ധിച്ചു. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ (ഐ.ഇ.എ.) ഗ്ലോബല്‍ ഇലക്ട്രിക് വെഹിക്കിള്‍ ഔട്ട്ലുക്ക് 2021 റിപ്പോര്‍ട്ടിലേതാണ് ഈ കണ്ടെത്തല്‍. 2020-ല്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ തകര്‍ച്ച നേരിടുമെന്നാണ് മിക്കവരും പ്രതീക്ഷിച്ചിരുന്നത്.

പെട്രോള്‍, ഡീസല്‍ കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോഴും മുതല്‍മുടക്ക് കൂടുതലാണെന്നതാണ് ഇതിനു കാരണം. എന്നാല്‍, ഈ ധാരണകളെ മാറ്റിമറിച്ചുകൊണ്ട് ഏകദേശം 30 ലക്ഷം പുതിയ ഇലക്ട്രിക് കാറുകളാണ് ലോക വ്യാപകമായി കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 12,000 കോടി ഡോളറാണ് ഇതിനായി ഉപഭോക്താക്കള്‍ ചെലവഴിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

യൂറോപ്പ് ഏറ്റവും വലിയ വിപണി

2020-ലെ ആഗോള കാര്‍ വില്പനയില്‍ 4.6 ശതമാനം വിഹിതമാണ് ഇലക്ട്രിക് കാറുകള്‍ക്കുള്ളത്. ഈ വിഹിതത്തില്‍ സിംഹഭാഗവും യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍നിന്നാണ്. 14 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റ് ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹന വിപണിയെന്ന നേട്ടം ആദ്യമായി യൂറോപ്പ് സ്വന്തമാക്കി. ഇരട്ടിയിലധികം വര്‍ധനയാണ് യൂറോപ്പിന്റെ ഇലക്ട്രിക് കാര്‍ വില്പനയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത്.

കാര്‍ബണ്‍ പുറന്തള്ളല്‍ മാനദണ്ഡങ്ങള്‍ ശക്തമാക്കിയതും വിവിധ ആനുകൂല്യങ്ങളുമടക്കം ഓരോ രാജ്യവും ഇലക്ട്രിക് വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നയപരമായ ഇടപെടലുകളാണ് ആഗോളതലത്തില്‍ ഇലക്ട്രിക് വാഹന വില്പനയിലെ വളര്‍ച്ചയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Electric Vehicle Sales increase All Over The World