ന്ധന ഉപയോഗം കുറയ്ക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കാനും കെ.എസ്.ഇ.ബി. വൈദ്യുതിവാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കുന്നു. ഓഫീസര്‍മാര്‍ക്കും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ക്കുമായി 1200 വൈദ്യുതിവാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. 

ആദ്യഘട്ടത്തില്‍ 200 വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കും. രണ്ടാംഘട്ടത്തില്‍ 1000 വാഹനങ്ങളും വാങ്ങാനാണ് ഒരുങ്ങുന്നത്. പരമ്പരാഗത വാഹനങ്ങള്‍ മാറ്റി വൈദ്യുതിവണ്ടികള്‍ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക പദ്ധതിതന്നെയുണ്ട്. ഇതിന് പലവിധത്തില്‍ സഹായങ്ങളും നല്‍കുന്നുണ്ട്. 

കേന്ദ്ര മാനദണ്ഡങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കാനാണ് കെ.എസ്.ഇ.ബി. തീരുമാനം. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ ഉപയോഗിക്കുന്ന വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ മാറ്റുന്നത്. ഇതിനുവേണ്ടി 200 വൈദ്യുതിവാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ വൈദ്യുതിബോര്‍ഡ് ഡയറക്ടര്‍ബോര്‍ഡ് യോഗം അനുമതി നല്‍കി. 

രണ്ടാംഘട്ടത്തില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ക്കുവേണ്ടി 1000 വൈദ്യുതിവാഹനങ്ങള്‍ വാങ്ങും. വൈദ്യുതിവാഹനങ്ങളുടെ ഉപയോഗം സജീവമാക്കാന്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജമാക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി. നവംബറോടെ ഇത് യാഥാര്‍ഥ്യമാവും. ഇതോടൊപ്പം വൈദ്യുതിവിതരണപോസ്റ്റുകളില്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കുന്ന പൈലറ്റ് പദ്ധതിയും നടപ്പാക്കുന്നുണ്ട്.

Content Highlights: Electric Vehicle For KSEB, Electricity Board, Electric Cars