കൊടുവള്ളി മാനിപുരം സ്വദേശി റഷീദ് മുഹമ്മദും സംഘവും വികസിപ്പിച്ച ഇലക്ട്രിക് വാഹന ചാർജിങ്ങ് ഉപകരണം | ഫോട്ടോ: മാതൃഭൂമി
വൈദ്യുതവാഹനങ്ങള് ജനപ്രിയതയേറി നിരത്തുകളില്‍ സജീവമായിട്ടും ചാര്‍ജിങ് സ്റ്റേഷനുകള്‍ നാമമാത്രമായി ഒതുങ്ങുന്ന ദുരവസ്ഥയ്ക്ക് പരിഹാരവുമായി ഒരുകൂട്ടം യുവാക്കള്‍. ചെലവുകുറഞ്ഞരീതിയില്‍ മിനി ചാര്‍ജിങ് സ്റ്റേഷന് തുടങ്ങാവുന്ന സംവിധാനമാണ് 'ഒപ്പുലന്‍സ് ടെക്നോളജീസ്' എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം മുന്നോട്ടുവെക്കുന്നത്.
ബി.ടെക് ബിരുദധാരിയായ കൊടുവള്ളി മാനിപുരം പൊട്ടന്പിലാക്കില് റഷീദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ജയേഷ് സത്യശീലന്, ശിക്ഷ, ലളിത വാഗ്, കെ.സി. സമീന, എസ്. രാകേഷ്, ലേഖ്രാജ് എന്നിവര്‍ ഉള്‍പ്പെട്ട ഏഴംഗസംഘമാണ് ഇത്തരമൊരു ആശയം യാഥാര്‍ഥ്യമാക്കിയത്.
ചാര്‍ജ് ചെയ്യുന്ന വൈദ്യുതിയുടെ യൂണിറ്റ് അടിസ്ഥാനത്തിലുള്ള കണക്ക് രേഖപ്പെടുത്താന്‍ സാധിക്കുന്ന ഈ ഉപകരണം ഒരു വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന് തുടങ്ങാന്‍ ഭീമമായ മുതല്‍മുടക്ക് വേണ്ട സാഹചര്യത്തിലാണ് ഏതൊരാള്‍ക്കും ചുരുങ്ങിയ ചെലവില്‍ തുടങ്ങാന്പറ്റുന്ന മിനി ചാര്‍ജിങ് സ്റ്റേഷന് എന്ന ആശയത്തിന്റെ പിറവി.
കുറഞ്ഞ മുതല്‍മുടക്ക്, എവിടെയും സ്ഥാപിക്കാം
വൈദ്യുതി ലഭ്യമാവുന്ന എവിടെയും വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ചെറുകിട സംരംഭകര്‍ക്ക് പോലും പുതിയ ഉപകരണം സ്ഥാപിച്ച് മിനി വൈദ്യുത ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുടങ്ങാനാകുമെന്ന് ഷീദ് മുഹമ്മദ് പറഞ്ഞു. ഓട്ടോ സ്റ്റാന്‍ഡ്, ഹോട്ടലുകള്‍, സ്കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ തുടങ്ങി റോഡിനടുത്ത് പാര്‍ക്കിങ് സൗകര്യം ഒരുക്കാവുന്ന എവിടെയും ചാര്‍ജിങ് സ്റ്റേഷന് സാധ്യമാകും.
15,000 രൂപയാണ് ഉപകരണസംവിധാനത്തിനായി ചെലവുവരുക. എ.ടി.എം മാതൃകയിലുള്ള ഉപകരണത്തില്‍ ഉപഭോക്താവിന് ആവശ്യമായ യൂണിറ്റ് വൈദ്യുതി യു.പി.ഐ., ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനാകും. ഓപ്പറേറ്ററുടെ ആവശ്യമില്ലാത്ത തരത്തില്‍ സെല്‍ഫ് മോണിറ്ററിങ് സംവിധാനവും പുതിയ ഉപകരണത്തിനുണ്ട്.
ചാര്‍ജിങ് സമയത്തെ പ്രശ്നപരിഹാരത്തിനായി ലൈവ് അസിസ്റ്റന്‍സ് സൗകര്യവുമുണ്ട്. ഉപകരണ സംവിധാനത്തിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ താമരശ്ശേരിയിലും എറണാകുളത്തും ഉടനെ ചര്‍ജിങ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങും. സി.ഡബ്ല്യു.ആര്.ഡി.എമ്മുമായിചേര്ന്ന് കര്‍ഷകര്‍ക്കുള്ള സ്മാര്‍ട്ട് ഫാമിങ് സാങ്കേതികവിദ്യയും ഈ സ്റ്റാര്‍ട്ടപ്പിന്റെ നേതൃത്വത്തില്‍ വികസിപ്പിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..