കെ.എല്‍.11. ബി.എം. ഒമ്പത് നമ്പര്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ കോഴിക്കോട്ടെയും വയനാട്ടിലെയും നിരത്തുകളിലൂടെ കടന്നുപോയപ്പോള്‍ കാഴ്ചക്കാര്‍ കൗതുകത്തോടെ അടുത്തുകൂടി.

രാഷ്ട്രപിതാവായ ഗാന്ധിജി മുതല്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അധ്യക്ഷനായ രാഹുല്‍ഗാന്ധിവരെയുള്ള നേതാക്കള്‍ കാറിന് മുകളിലെ മാറ്റ് പ്രിന്റിലെ ചിത്രങ്ങളില്‍ തെളിഞ്ഞു. 

'ഒരു രാജ്യത്തിന്റെ യാത്ര' എന്ന് ബോണറ്റില്‍ രേഖപ്പെടുത്തിയ കാറിന്റെ വശങ്ങളിലും മുന്‍, പിന്‍ ഭാഗങ്ങളിലുമെല്ലാം ഒന്നേകാല്‍ നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രമാണ് നിറഞ്ഞുനിന്നത്. 

ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും രക്തസാക്ഷിത്വം വരിച്ച ദിനങ്ങളിലെ പത്രകട്ടിങ്ങുകളും കാറില്‍ പതിച്ചിട്ടുണ്ട്. പ്രവാസി മലയാളിയായ കല്ലായി ഇറാനിഹൗസില്‍ അബ്ദുള്‍ വഹാബിന്റെ കാറാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇങ്ങനെ അടിമുടി മാറ്റിയത്. 

ഡി.സി.സി. ജനറല്‍ സെക്രട്ടറി പി. മമ്മദ്‌കോയയുടെ നേതൃത്വത്തില്‍ ഒരാഴ്ചയോളമായി യു.ഡി.എഫിന്റെ പ്രചാരണരംഗത്ത് സജീവമാണ് ഈ വാഹനം.

Content Highlights: Election Campaign Vehicle; Toyota Fortuner