പ്രതീകാത്മക ചിത്രം| Photo: Mathrubhumi
പൊതുമേഖല സ്ഥാപനമായ എനര്‍ജി എഫിഷന്‍സി സര്‍വീസ് ലിമിറ്റഡിന്റെ (ഇ.ഇ.എസ്.എല്‍) വാഹനശ്രേണിയിലേക്ക് പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ടാറ്റയുടെ ഇലക്ട്രിക് എസ്‌യുവിയായി നെക്‌സോണ്‍ ഇവിയുടെ 150 യൂണിറ്റ് ബുക്കുചെയ്തതായി റിപ്പോര്‍ട്ട്.
ഭാവിയുടെ യാത്രാമാര്‍ഗം ഇലക്ട്രിക് വാഹനങ്ങളാണ്, ഈ മേഖലയില്‍ ഇന്ത്യ അതിവേഗം വളരുകയാണ്. ഇതിന്റെ തുടക്കം മാത്രമാണ് ഇ.ഇ.എസ്.എല്ലുമായുള്ള ഇടപാട്. ഇതിലൂടെ കൂടുതല്‍ സര്‍ക്കാര്‍ മേഖലകളിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.
ഇന്ത്യയിലെത്തുന്ന ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എസ്‌യുവിയാണ് നെക്‌സോണ്‍ ഇവി. 13.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. എന്നാല്‍, എക്‌സ്‌ഷോറും വിലയെക്കാള്‍ 13,000 രൂപ കുറച്ച് 14.86 ലക്ഷം രൂപയ്ക്കാണ് ഇ.ഇ.എസ്.എല്ലിന് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണ്‍ ഇവി നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒറ്റത്തവണ ചാര്‍ജിലൂടെ 312 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള വാഹനമാണ് നെക്‌സോണ്‍ ഇവി. ടാറ്റ വികസിപ്പിച്ചെടുത്ത സിപ്‌ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. ഐപി 67 സര്‍ട്ടിഫൈഡ് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.
ഒമ്പത് മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജാവാനുള്ള സമയം. എന്നാല്‍, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരുമണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. അതിവേഗ ചാര്‍ജിങ് സൗകര്യം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് 15 ആംപിയര്‍ പ്ലഗ്ലിലും വാഹനം ചാര്‍ജ് ചെയ്യാം. ഇതിലെ ലിക്വിഡ് കൂള്‍ഡ് ലിഥിയം അയേണ്‍ ബാറ്ററിക്കും, ഇലക്ട്രിക് മോട്ടോറിനും എട്ട് വര്‍ഷത്തെ വാറണ്ടി ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.
Content Highlights: EESL Ordered 150 Tata Nexon EV For Their Vehicle Fleet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..