പൊതുമേഖല സ്ഥാപനമായ എനര്‍ജി എഫിഷന്‍സി സര്‍വീസ് ലിമിറ്റഡിലെ (ഇഇഎസ്എല്‍) ഉപയോഗങ്ങള്‍ക്കായി 100 ഹ്യുണ്ടായി കോന ഇലക്ട്രിക് എസ്‌യുവികള്‍ വാങ്ങുന്നു. ക്ലീന്‍ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി 2019-ല്‍ ഇഇഎസ്എല്‍ 10 കോന എസ്‌യുവികള്‍ വാങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാനൊരുങ്ങുന്നത്. 

രാജ്യത്തിലെ ഇലക്ട്രിക് മൊബിലിറ്റി പദ്ധതിയുടെ തുടക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് 100 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഹ്യുണ്ടായിയെ തിരഞ്ഞെടുത്തത് കമ്പനിയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നാണ് ഹ്യുണ്ടായി ഇന്ത്യ അഭിപ്രായപ്പെട്ടത്. 

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിനായി ഇത്തരം വാഹനങ്ങളുടെ ജിഎസ്ടി കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതോടെ 25.3 ലക്ഷം രൂപ പ്രാരംഭ വിലയിലെത്തിയ കോനയുടെ വില 23.71 ലക്ഷമായി കുറഞ്ഞിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവ് ചെയ്തത്. 

വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ ബാറ്ററി ഓപ്ഷനുകളിലെത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ 39.2 kWh മോഡലാണ് എത്തിയിട്ടുള്ളത്. ഇത് 134 ബിഎച്ച്പി കരുത്തും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 452 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ബാറ്ററിയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. എട്ട് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 

ഇക്കോ, ഇക്കോ പ്ലസ്, സ്‌പോര്‍ട്‌സ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ക്കൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലൈന്‍ സെന്‍ട്രിങ് സിസ്റ്റം, റിയര്‍ ക്രോസിങ് ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങളും കോനയിലുണ്ടാകും.

Content Highlights: EESL Order 100 Hyundai Kona Electric SUV