ദുബായ് പോലീസിന്റെ ഗിയാത് എന്ന വാഹനം വെറും കാര്‍ മാത്രമല്ല. പോലീസിന്റെ മൂന്നാം കണ്ണ് എന്നുവേണം ഇതിനെ വിശേഷിപ്പിക്കാന്‍. കുറ്റവാളികളെ മനസിലാക്കാനും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ തിരിച്ചറിയാനും ശേഷിയുള്ള ആള്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്.

കുറ്റവാളികളെയും ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങളെയും പിടികൂടുന്നത് എങ്ങനെയാണെന്നല്ലേ?  ഗിയാതിന്റെ മുകളിലും മറ്റ് ഭാഗങ്ങളിലുമായി നല്‍കിയിട്ടുള്ള ക്യാമറയുടെ സഹായത്തോടെ ആളുകളെയും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളും സ്‌കാന്‍ ചെയ്യാനും ഈ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കാനും സാധിക്കും.

പിന്നീട് കണ്‍ട്രോള്‍ റൂം മുഖേന ആളുകളുടെയും വാഹനങ്ങളുടെയും വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കും. ആളുകളുടെ കണ്ണുകള്‍ പോലും സ്‌കാന്‍ ചെയ്യാന്‍ ശേഷിയുള്ള ക്യാമറയാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. ഇതുവഴി അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും പിടികൂടാന്‍ സാധിക്കും.

പോലീസുമായി മാത്രമല്ല മറ്റ് പല വകുപ്പുകളുമായി ആശയവിനിമയം നടത്താനുള്ള സജ്ജീകരണങ്ങളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. കമ്യൂണിക്കേഷന്‍ ഡിവൈസുകള്‍, സ്‌കാനറുകല്‍, ക്യാമറകള്‍, വലിയ സ്‌ക്രീനുകള്‍ തുടങ്ങിയ മറ്റ് സംവിധാനങ്ങളും ഈ കാറില്‍ ഒരുക്കിയിട്ടുണ്ട്. 

എസ്‌യുവി മാതൃകയിലുള്ള ഈ വാഹനം കാണാനും ഏറെ സ്റ്റൈലിഷാണ്. ആകര്‍ഷകമായ ലൈറ്റുകളും പോലീസ് ബീക്കണുകളും സേഫ് സിറ്റി ബാഡ്ജും ഇതില്‍ നല്‍കിയിട്ടുണ്ട്. ഇന്റീരിയറിലേക്ക് വരുമ്പോള്‍ ഒരു മിനി കണ്‍ട്രോള്‍ റൂം തന്നെ ഒരുക്കിയിട്ടുണ്ട്. കമ്യൂണിക്കേഷനായി രണ്ട് സ്‌ക്രീനുകളും ഉള്ളില്‍ നല്‍കിയിട്ടുണ്ട്.